വീട്ടുവാടക മാസം 15 ലക്ഷം; ഓസ്ട്രിയയിലെ ഇന്ത്യന്‍ അംബാസഡറെ തിരിച്ചു വിളിച്ചു

ഡല്‍ഹി: സാമ്പത്തിക ക്രമക്കേടുകളും സര്‍ക്കാര്‍ ഫണ്ടിന്റെ ദുരുപയോഗവും കണ്ടെത്തിയതിനെത്തുടര്‍ന്ന് ഒസ്ട്രിയയിലെ ഇന്ത്യന്‍ അംബാസിഡര്‍ രേണു പാലിനെ വിദേശകാര്യമന്ത്രാലയം തിരിച്ചു വിളിച്ചു. ഓസ്ട്രിയയില്‍ 15 ലക്ഷം മാസവാടക വരുന്ന അപാര്‍ട്മെന്റാണ് രേണു ഉപയോഗിച്ചിരുന്നത്.

അനുമതിയില്ലാതെ വസതിക്കായി ഇതുവരെ രേണു കോടിക്കണക്കിന് രൂപ ചിലവഴിച്ചിട്ടുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തി. കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ ഉത്തരവ് പ്രകാരം വിദേശകാര്യ മന്ത്രാലയം നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്. ചീഫ് വിജിലന്‍സ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം സെപ്തംബറില്‍ വിയന്ന സന്ദര്‍ശിച്ചാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്.

ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് 1988 ബാച്ചുകാരിയായ രേണുവിന്റെ ഓസ്ട്രിയയിലെ സേവനകാലം അടുത്തമാസമാണു പൂര്‍ത്തിയാവുക. എന്നാല്‍ ഞായറാഴ്ച്ച വൈകീട്ടോടെ രേണു വിയന്നയില്‍ നിന്നും ഇന്ത്യയിലേക്ക് മടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.