കശ്മീരില്‍ ഓഗസ്റ്റ് മുതല്‍ തടങ്കലിലുള്ള അഞ്ച് രാഷ്ട്രീയ നേതാക്കളെ മോചിപ്പിച്ചു

ഡല്‍ഹി: 370-ാം വകുപ്പ് റദ്ദാക്കുന്നതിന്റെ മുന്നോടിയായി ജമ്മു കശ്മീരില്‍ തടങ്കലിലായ അഞ്ച് രാഷ്ട്രീയ നേതാക്കളെ മോചിപ്പിച്ചു. അതേസമയം, നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫാറൂഖ് അബ്ദുല്ല, അദ്ദേഹത്തിന്റെ മകന്‍ ഉമര്‍ അബ്ദുല്ല, പി.ഡി.പി അധ്യക്ഷ മെഹ്ബൂബ മുഫ്തി തുടങ്ങിയവര്‍ ഇപ്പോഴും തടങ്കലിലാണ്.

ഇവര്‍ എന്നാണ് മോചിതരാവുകയെന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. സമയമാവുമ്പോള്‍ മോചിപ്പിക്കുമെന്നാണ് വിശദീകരണം. എം.എല്‍.എ ഹോസ്റ്റലിലാണ് ഇവരെ തടങ്കലില്‍ പാര്‍പ്പിച്ചിരുന്നത്.

ഇവിടെ മുന്‍ മന്ത്രിമാര്‍ അടക്കം 30 നേതാക്കളെയാണ് തടങ്കലില്‍ വച്ചിരിക്കുന്നത്. ഇവരെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഓഗസ്റ്റ് അഞ്ചിനാണ് കേന്ദ്ര സര്‍ക്കാര്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയും സംസ്ഥാന പദവിയും റദ്ദാക്കിയത്. ഇതിനു മുന്നോടിയായി ഓഗസ്റ്റ് നാലു മുതല്‍ മുന്‍ മുഖ്യമന്ത്രിമാര്‍ അടക്കമുള്ള നേതാക്കള്‍ തടങ്കലിലായിരുന്നു.