റോഡ് കുത്തിപ്പൊളിച്ച് വാട്ടര്‍ അതോറിറ്റി; സ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധം

കൊച്ചി: കേന്ദ്രപദ്ധതി പ്രകാരമുള്ള പൈപ്പിടലിന്റെ ഭാഗമായി പുനര്‍ നിര്‍മിച്ച റോഡ് കുത്തിപ്പൊളിച്ച് വാട്ടര്‍ അതോറിറ്റി. തമ്മനം-പുല്ലേപ്പടി റോഡില്‍ പൊന്നുരുന്നി ഭാഗത്താണ് നന്നാക്കിയതിന് പിന്നാലെ റോഡ് പൊളിച്ചത്. മൂന്ന് ദിവസം മുന്‍പാണ് റോഡില്‍ ടാറിംഗ് പൂര്‍ത്തീകരിച്ചത്. ഇതിന് പിന്നാലെ ഇന്നലെ രാത്രി റോഡ് കുത്തിപ്പൊളിക്കുകയായിരുന്നു.

ഇന്ന് രാവിലെ സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി. അനുമതി ലഭിച്ച ശേഷമാണ് വാട്ടര്‍ അതോറിറ്റി പണികള്‍ ആരംഭിച്ചതെന്ന് കളക്ടര്‍ പറഞ്ഞു. വിഷയം വിശദമായി ചര്‍ച്ച ചെയ്യുമെന്നും അതിനായി യോഗം വിളിച്ചിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു.