സ്വകാര്യ മേഖലയില്‍ ഉന്നത തസ്തികകളില്‍ മുക്കാല്‍ ശതമാനം സൗദിവല്‍ക്കരണം; കരട് നിര്‍ദേശത്തിന് അംഗീകാരം

റിയാദ്: സൗദിയില്‍ സ്വകാര്യ മേഖലയില്‍ വിദേശികള്‍ക്ക് കൂടുതല്‍ തിരിച്ചടി നല്‍കി പുതിയ തീരുമാനത്തിന്റെ കരട് നിര്‍ദേശത്തിനു അംഗീകാരമായി. സ്വകാര്യ മേഖലയില്‍ ഉന്നത തസ്തികകളിലെ സൗദിവല്‍ക്കരണ തോത് നിലവില്‍ ഉള്ളതില്‍ നിന്നും മുക്കാല്‍ ശതമാനമാക്കി ഉയര്‍ത്തുന്നതിനുള്ള കരട് നിര്‍ദേശത്തിനു സൗദി ഉന്നതാധികാര സഭയായ സൗദി ശൂറാ കൗണ്‍സിലാണ് അംഗീകാരം നല്‍കിയത്.

സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് കുറക്കുന്നതിന് വേണ്ടി പുതിയ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കരട് നിയമാവലിക്ക് ശൂറാ കൗണ്‍സിലിനു കീഴിലുള്ള സാമൂഹ്യ കാര്യ, കുടുംബ യുവജന കമ്മിറ്റിയാണ് അംഗീകാരം നല്‍കിയത്. തൊഴില്‍ നിയമത്തിലെ ഇരുപത്തിയാറാം അനുഛേദത്തില്‍ ദേദഗതി വരുത്തിയാണ് പുതിയ നിര്‍ദ്ദേശം കൂട്ടിചേര്‍ത്തത്. ഇതനുസരിച്ച് സ്വകാര്യ മേഖലയിലെ ഉന്നത തസ്തികളിലെ സൗദികള്‍ എഴുപത്തിയഞ്ച് ശതമാനമായിരിക്കണമെന്നാണ് ശുപാര്‍ശ.

എന്നാല്‍, ഏതെങ്കിലും തസ്തികയിലേക്ക് യോഗ്യരായ സ്വദേശികളെ ലഭിക്കാതെ വന്നാല്‍ ബന്ധപ്പെട്ട വകുപ്പുകളുടെ അംഗീകാരത്തോട് കൂടി മാത്രം താല്‍ക്കാലികമായി വിദേശിയെ നിയമിക്കാന്‍ അനുവാദം നല്‍കും. സൗദി വിഷന്‍ 2030 ലക്ഷ്യമാക്കുന്ന തൊഴിലില്ലായ്മ നിരക്ക് ഏഴ് ശതമാനമായി കുറക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമായാണ് പുതിയ തീരുമാനം.