നാവിക സേനയില്‍ സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്ക്

ഡല്‍ഹി: നാവിക സേനയില്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. നാവിക സേനാ ആസ്ഥാനത്തും ഡോക് യാര്‍ഡിലുമാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്.
സേനയിലെ ഉദ്യോഗസ്ഥര്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കി. യുദ്ധ കപ്പലുകളിലും നാവിക സേനാ കേന്ദ്രങ്ങളിലും സ്മാര്‍ട് ഫോണുകള്‍ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്.

ഫേസ്ബുക്കിനാണ് പ്രധാനമായും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഫേസ്ബുക്കിന്റെ തന്നെ മറ്റ് ആപ്പുകളായ വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയ്ക്കും നിയന്ത്രണം ബാധകമാവും. കഴിഞ്ഞ ദിവസം ഏഴ് നാവിക സേനാംഗങ്ങളേയും ഒരു ഹവാല ഇടപാടുകാരനേയും മുംബൈയില്‍ അറസ്റ്റ് ചെയ്തിരുന്നു.

ചില നിര്‍ണായക വിവരങ്ങള്‍ ഇവര്‍ പാകിസ്താന് ചോര്‍ത്തി നല്‍കിയെന്ന് കണ്ടെത്തിയതിന് പിന്നാലെയായിരുന്നു നടപടി. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇവര്‍ വിവരങ്ങള്‍ കൈമാറിയതെന്നും കണ്ടെത്തിയിരുന്നു. സംഭവത്തെ കുറിച്ച് ആന്ധ്രാപ്രദേശ് ഇന്റലിജന്‍സ് വിഭാഗവും കേന്ദ്ര ഇന്റലിജന്‍സ് വിഭാഗവും വിശദമായി അന്വേഷിക്കുന്നുണ്ട്.