ചരിത്ര കോണ്‍ഗ്രസില്‍ ഗവര്‍ണര്‍ ശ്രമിച്ചത് രാഷ്ട്രീയം പറയാന്‍; പ്രോട്ടോകോള്‍ ലംഘനം ഉണ്ടായിട്ടില്ലെന്ന് ഇര്‍ഫാന്‍ ഹബീബ്

കണ്ണൂര്‍: ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യുന്നതിനിടെ പ്രോട്ടോക്കോള്‍ ലംഘനം നടന്നിട്ടില്ലെന്ന് ചരിത്രകാരന്‍ പ്രൊഫ. ഇര്‍ഫാന്‍ ഹബീബ്. ചരിത്ര കോണ്‍ഗ്രസില്‍ രാഷ്ട്രീയം പറയാനാണ് ഗവര്‍ണര്‍ ശ്രമിച്ചതെന്നും ചരിത്രകാരന്‍മാരെ കേള്‍ക്കാന്‍ ഗവര്‍ണര്‍ തയാറാവണമെന്നും ഇര്‍ഫാന്‍ ഹബീബ് പറഞ്ഞു.

പോലീസ് നടപടിയില്‍ മറുപടി പറയേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. പോലീസിന് ചരിത്ര കോണ്‍ഗ്രസില്‍ ഇടപെടാന്‍ അധികാരമില്ല. സമ്മേളന പ്രതിനിധികളെ കസ്റ്റഡിയിലെടുത്തതും തെറ്റാണ്. നിങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്ക് ഇന്റര്‍നെറ്റും ലൈബ്രറികളും വീടുകളില്‍ വരാനുള്ള അനുവാദവും നിഷേധിക്കപ്പെട്ടാല്‍ നിങ്ങള്‍ നിശബ്ദരായിരിക്കുമോ? ഇതാണു പ്രശ്‌നം. ഗവര്‍ണര്‍ ഈ പ്രശ്‌നം വഴിതിരിച്ചു വിടാനാണു ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കണ്ണൂരില്‍ നടന്ന അഖിലേന്ത്യ ചരിത്ര കോണ്‍ഗ്രസ് സമ്മേളന ഉദ്ഘാടന വേദിയില്‍ പ്രതിഷേധം അരങ്ങേറിയിരുന്നു. ഇതേ തുടര്‍ന്ന്, ഗവര്‍ണര്‍ വി.സിയെ വിളിച്ചുവരുത്തി വിശദീകരണം തേടുകയും ചെയ്തിരുന്നു.