ഉത്തര്‍പ്രദേശ് അക്രമം; സംഘര്‍ഷങ്ങളില്‍ മലയാളികള്‍ക്കും പങ്കെന്ന് യു.പി പോലീസ്

ഡല്‍ഹി: ഉത്തര്‍പ്രദേശില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരേ നടന്ന പ്രതിഷേധങ്ങള്‍ക്കിടെയുണ്ടായ അക്രമസംഭവങ്ങളില്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്കും പങ്കുണ്ടെന്ന് യു.പി. പോലീസ്. ഇവരെ കണ്ടെത്താന്‍ കേരളത്തിലും പോസ്റ്റര്‍ പതിക്കുമെന്ന് യു.പി. പോലീസ് അറിയിച്ചു. കാണ്‍പൂരില്‍ നടന്ന അക്രമസംഭവങ്ങളിലും കലാപങ്ങളിലും കേരളത്തില്‍ നിന്നുള്ളവരുമുണ്ടെന്നാണ് യു.പി. പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയത്.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ഇവരുടെ പോസ്റ്ററുകള്‍ തയ്യാറാക്കുമെന്നാണ് പോലീസ് പറയുന്നത്. ഈ പോസ്റ്ററുകള്‍ യു.പിയിലും ഡല്‍ഹിയിലും കേരളത്തിലും പതിക്കും. കേരളത്തിന് പുറമേ ഡല്‍ഹിയില്‍ നിന്നുള്ളവര്‍ക്കും അക്രമങ്ങളില്‍ പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരേ നടന്ന പ്രതിഷേധങ്ങള്‍ക്കിടെ ഉത്തര്‍പ്രദേശിലെ പലയിടങ്ങളിലും.

വ്യാപകമായ അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നു. 20ലേറെ പേരാണ് ഈ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടത്. ഇതിനുപിന്നാലെ അക്രമം നടത്തിയവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ യു.പി. സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു.