അതിശൈത്യം;തണുത്ത് വിറച്ച് ഉത്തരേന്ത്യ, ആറ് സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട്

ഡല്‍ഹി: അതിശൈത്യത്തെ തുടര്‍ന്ന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ റെഡ് അലെര്‍ട്ട്.അതി ശൈത്യം തുടരുന്നതിനാല്‍ ഡല്‍ഹി,പഞ്ചാബ്, ഹരിയാന ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളിലാണ് മുന്നറിയിപ്പുള്ളത്. മുന്‍കരുതല്‍ സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ച്ചയായി അതികഠിനമായ ശൈത്യമാണ് ഉത്തരേന്ത്യയില്‍ അനുഭവപ്പെടുന്നത്.

ഇന്നലെ നൂറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ താപനിലയായ 2.4ആണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. ഇന്നും സ്ഥിതി തുടരും. ജനുവരി മൂന്ന് വരെ അതിശൈത്യം തുടര്‍ന്നേക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. വിമാനങ്ങളും തീവണ്ടികളും വൈകിയാണ് ഇന്നും സര്‍വ്വീസ് നടത്തുന്നത്. രാജസ്ഥാനിലെ ഫത്തേപൂരില്‍ കുറഞ്ഞ താപനില പൂജ്യത്തിലെത്തി. ഹിമാചല്‍പ്രദേശിലെ കിനാനൂര്‍ ജില്ലയിലെ വെള്ളച്ചാട്ടങ്ങള്‍ ഐസില്‍ പൊതിഞ്ഞ നിലയിലാണ്.

ലഡാക്കിലെ ലെയില്‍ മൈനസ് 19 ആണ് രേഖപ്പെടുത്തിയത്. കശ്മീരില്‍ ഒന്നാം തീയതി മുതല്‍ മഴ പെയ്തേക്കും. ഇത് വീണ്ടും താപനില താഴ്ത്താര്‍ ഇടയാക്കും. ഹരിയാനയിലെ റിവാരി ജില്ലയില്‍
മൂടല്‍ മഞ്ഞ് വാഹന ഗതാഗതത്തെ പ്രതികൂലമായി ബാധിച്ചു. വാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.