ആരാധകര്‍ക്കൊപ്പം ഹെലികോപ്റ്റര്‍ യാത്ര നടത്തി നടന്‍ പൃഥ്വിരാജ്

കോഴിക്കോട്: ആരാധകരോടൊപ്പം ഹെലികോപ്റ്ററില്‍ ഉല്ലാസയാത്ര നടത്തി നടന്‍ പൃഥ്വിരാജ്. പുതിയ സിനിമയായ ‘ഡ്രൈവിംങ്ങ് ലൈസന്‍സ്’ എന്ന ചിത്രത്തിന്റെ വിജയം ആഘോഷിച്ചാണ് താരം ആരാധകര്‍ക്കൊപ്പം യാത്ര നടത്തിയത്. ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രവുമായി ബന്ധപ്പെട്ട് നടത്തിയ മത്സരത്തിലെ വിജയികള്‍ക്കൊപ്പമാണ് നടന്‍ പൃഥ്വിരാജ് ഹെലികോപ്റ്ററില്‍ യാത്ര നടത്തിയത്.

കൊച്ചിയില്‍ നിന്നും കോഴിക്കോടേക്കും, കോഴിക്കോട് നിന്ന് ജഡായു പാറയിലേക്കും, അവിടെ നിന്ന് തിരുവനന്തപുരത്തേക്കും ഒടുവില്‍ തിരികെ കൊച്ചിക്കുമാണ് യാത്ര. ആരാധകരോടൊപ്പം ഹെലികോപ്റ്റര്‍ യാത്ര നടത്തുന്നതില്‍ സന്തോഷമുണ്ടെന്ന് പൃഥ്വിരാജ് പറഞ്ഞു. താരത്തോടൊപ്പം യാത്ര ചെയ്യാന്‍ കഴിയുന്നതിന്റെ സന്തോഷം ആരാധകരും മറച്ചുവച്ചില്ല. വെള്ളിത്തിരയിലെ സൂപ്പര്‍ താരവും, വെഹിക്കിള്‍ ഇന്‍സ്പെക്ടറും തമ്മിലുള്ള സംഘര്‍ഷത്തിന്റെ കഥ പറയുന്ന ചിത്രമാണ് ഡ്രൈവിംഗ് ലൈസന്‍സ്.