ഗവര്‍ണര്‍ക്കു കരിങ്കൊടി; യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കണ്ണൂര്‍: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ദേശീയ ചരിത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ കണ്ണൂരിലെത്തിയതായിരുന്നു ഗവര്‍ണര്‍ വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന് നേരത്തെതന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

പ്രതിഷേധം നടത്തരുതെന്ന് വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍ക്ക് ജില്ലാ പോലീസ് മേധാവി താക്കീതും നല്‍കിയിരുന്നു. ഇതിനെ അവഗണിച്ചാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. പൗരത്വ ഭേദഗതി ബില്ലിനെ പരസ്യമായി അനുകൂലിച്ച് പ്രസ്താവന നടത്തിയ ഗവര്‍ണര്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് വിവിധ സംഘടന നേതാക്കള്‍ അറിയിച്ചിരുന്നു.

കണ്ണൂര്‍ എം.പി കെ.സുധാകരനും മേയറും പരിപാടി ബഹിഷ്‌ക്കരിച്ചിരുന്നു. നിയമ ലംഘനമോ അക്രമസംഭവങ്ങളോ ഉണ്ടായാല്‍ നേതാക്കള്‍ ഉത്തരവാദികളാകുമെന്നും കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നായിരുന്നു പോലീസ് നിലപാട്. അതുകൊണ്ടുതന്നെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തിരിക്കുകയാണ് പോലീസ്.