തണുത്ത് വിറച്ച് ഡല്‍ഹി; താപനില 2.4 ഡിഗ്രി സെല്‍ഷ്യസ്

ഡല്‍ഹി: അതികഠിനമായ തണുപ്പില്‍ ഡല്‍ഹി. ഇന്ന് രാവിലെ ഏറ്റവും കുറഞ്ഞ താപനില 2.4 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. നൂറുവര്‍ഷത്തിനിടെ ഡല്‍ഹിയില്‍ ഇത്രയേറെ തണുത്ത പകല്‍ രണ്ടാം തവണയാണ്. 1901 ലെ ഡിസംബറിലാണ് ഇതിനുമുന്‍പ് ഇത്രയേറെ തണുപ്പ് അനുഭവപ്പെട്ടത്. 1919, 1929, 1961, 1997 എന്നീ വര്‍ഷങ്ങളിലാണ് ഇതിനു മുമ്പ് ഡല്‍ഹിയില്‍ ഡിസംബറിലെ താപനില 20ഡിഗ്രി സെല്‍ഷ്യസിലും കുറവായിരുന്നത്.

കനത്ത മഞ്ഞു കാരണം 21 ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. വിമാന സര്‍വീസുകളും താറുമാറായി. ഡിസംബര്‍ 29 വരെ ഡല്‍ഹിയില്‍ അതിശൈത്യം തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കാറ്റിന്റെ ദിശയില്‍ വരുന്ന മാറ്റത്തെ തുടര്‍ന്ന് അടുത്ത ആഴ്ച തണുപ്പില്‍ നേരിയ മാറ്റം ഉണ്ടായേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഡല്‍ഹിയില്‍ പലയിടത്തും സര്‍ക്കാര്‍ ഷെല്‍ട്ടര്‍ ഹോമുകള്‍ ആരംഭിച്ചിട്ടുണ്ട്.