റോഡ് ഉപരോധത്തില്‍ എം.ജി.എസ് നാരായണന്‍ അടക്കമുള്ളവര്‍ക്ക് പിഴ ശിക്ഷ

കോഴിക്കോട്: മാനാഞ്ചിറ- വെള്ളിമാട് കുന്ന് റോഡ് ഉപരോധ സമരത്തില്‍ പങ്കെടുത്ത ചരിത്രകാരന്‍ എം.ജി.എസ് നാരായണന്‍ അടക്കമുള്ള 12 പേര്‍ക്ക് പിഴ ശിക്ഷ. 1300 രൂപ പിഴയടക്കാനാണ് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി വിധിച്ചത്. എം.ജി.എസ്, നാരായണന്‍, തായാട്ട് ബാലന്‍, ഗ്രോവാസു തുടങ്ങിയവരടക്കമുള്ളവരാണ് പിഴയടക്കേണ്ടത്.

കോടതി വിധി അംഗീകരിക്കുന്നതായും എന്നാല്‍ സമരത്തില്‍ നിന്നു പിന്നോട്ടു പോകില്ലെന്നും എം.ജി.എസ് നാരായണന്‍ കോടതി വിധിയോട് പ്രതികരിച്ചു. റോഡിന്റെ അശാസ്ത്രീയതകൊണ്ട് ഇവിടെ മരിച്ചവരെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഈ ശിക്ഷ വലിയകാര്യമല്ലെന്നും എം.ജി.എസ് പ്രതികരിച്ചു. സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കാനുള്ള അവകാശം ആര്‍ക്കുമില്ല.

എം.ജി.എസിനെപ്പോലുള്ളവര്‍ സമരത്തില്‍ ഉള്ളതുകൊണ്ടു മാത്രമാണ് പിഴ കുറച്ചതെന്നും കോടതി വ്യക്തമാക്കി. ഇത്തരത്തിലുള്ള പ്രതിഷേധം ഇനി ആവര്‍ത്തിക്കരുതെന്നും കോടതി മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ജൂലൈ 29നായിരുന്നു മാനാഞ്ചിറ വെള്ളിമാടുകുന്ന് റോഡ് വികസനവുമായി ബന്ധപ്പെട്ട് അധികൃതരുടെ അനാസ്ഥക്കെതിരേ എം.ജി.എസിന്റെ നേതൃത്വത്തില്‍ ദേശീയപാത ഉപരോധിച്ചത്.