തെരഞ്ഞെടുപ്പ്; കുട്ടനാട്ടില്‍ എന്‍.സി.പി സീറ്റ് ഏറ്റെടുക്കണമെന്ന് സി.പി.എം

ആലപ്പുഴ: തോമസ് ചാണ്ടിയുടെ നിര്യാണത്തോടെ ഒഴിവുവന്ന കുട്ടനാട്ട് വീണ്ടും തിരഞ്ഞെടുപ്പിനൊരുങ്ങുന്നു. ഇതു സംബന്ധിച്ച് മുന്നണികള്‍ക്കുള്ളില്‍ ചര്‍ച്ചകള്‍ സജീവമായി. എല്‍.ഡി.എഫില്‍ എന്‍.സി.പിയുടെ സീറ്റാണിത്. തോമസ് ചാണ്ടിക്കുപകരക്കാരനെ കണ്ടെത്തുക എന്നത് എന്‍.സി.പിയില്‍ തന്നെ പ്രതിസന്ധികള്‍ക്കു കാരണമായേക്കും.

ചാണ്ടിയുടെ മകളെയോ മറ്റോ രംഗത്തിറക്കാനാണ് ആലോചന. ചാണ്ടിയുടെ സഹോദരനെയോ മകളെയോ മത്സരിപ്പിക്കാനാണ് ആലോചന. എന്നാല്‍ തോമസ് ചാണ്ടിയോളം സ്വീകാര്യത അവര്‍ക്ക് ലഭിക്കുമോയെന്ന ആശങ്ക എന്‍.സി.പിക്കുണ്ട്. ഇതിലൂടെ സീറ്റ് നിലനിര്‍ത്താനാകുമോ എന്ന ഭയം എന്‍.സി.പിയിലുണ്ട്. എന്നാല്‍ സീറ്റ് ഏറ്റെടുത്ത് ഇവിടെനിന്ന് കരുത്തനായ ഇടതുസ്ഥാനാര്‍ഥിയെ മത്സരിപ്പിക്കണമെന്നാണ് സി.പി.എമ്മില്‍ ഉയരുന്ന അഭിപ്രായങ്ങള്‍.

തോമസ് ചാണ്ടിക്ക് പകരക്കാരനെ കണ്ടെത്തുക എല്‍.ഡി.എഫിനു വലിയ പ്രശ്നം തന്നെയാണ്. അതേ സമയം യു.ഡി.എഫില്‍ കേരള കോണ്‍ഗ്രസിന്റേതാണ് ഈ മണ്ഡലം. കേരള കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ യു.ഡി.എഫിനും വെല്ലുവിളിയാണ്. പാല ആവര്‍ത്തിക്കുമോ എന്ന ഭീതിയാണ് യു.ഡി.എഫ് ക്യാംപിലുള്ളത്. ബി.ജെ.പി ബി.ഡി.ജെ.എസ് തര്‍ക്കം എന്‍.ഡി.എയുടെ സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രശ്നങ്ങളുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വരുന്ന ഉപതെരഞ്ഞെടുപ്പ് മുന്നണികള്‍ക്ക് ഏറെ നിര്‍ണായകവുമാണ്. സ്ഥാനാര്‍ഥി നിര്‍ണയം ഏറെ സങ്കീര്‍ണമാവുക യു.ഡി.എഫിലാണ്. കേരള കോണ്‍ഗ്രസ് എമ്മിന്റെ സീറ്റാണ് കുട്ടനാട്. പാലായില്‍ രൂക്ഷമായ ജോസഫ് ജോസ് പക്ഷ പോര് കുട്ടനാട്ടിലും ഉണ്ടാകും. കഴിഞ്ഞ തവണ മത്സരിച്ച ജേക്കബ് എബ്രഹാം തന്നെ സ്ഥാനാര്‍ഥിയാക്കാന്‍ ജോസഫ് പക്ഷം ആലോചിക്കുമ്പോള്‍, എന്ത് വിലകൊടുത്തും സീറ്റ് തരപ്പെടുത്താനുള്ള ശ്രമത്തിലാണ് ജോസ് കെ. മാണി വിഭാഗം.