മാനത്ത് വിസ്മയക്കാഴ്ച; കേരളത്തില്‍ ആദ്യം ദൃശ്യമായത് കാസര്‍കോട്ട്

കോഴിക്കോട്: നൂറ്റാണ്ടിനിടയിലെ രണ്ടാമത്തെ അപൂര്‍വ വലയ സൂര്യഗ്രഹണം തുടങ്ങി. ഒമ്പത് വര്‍ഷത്തിനുശേഷമാണ് ആകാശത്തെ ഈ അപൂര്‍വ്വ വിസ്മയക്കാഴ്ച വിരുന്നെത്തുന്നത്. കാസര്‍കോട്ടാണ് കേരളത്തില്‍ ഗ്രഹണം ആദ്യം ദൃശ്യമായത്. വടക്കന്‍ കേരളത്തില്‍ പൂര്‍ണ വലയ ഗ്രഹണവും മറ്റിടങ്ങളില്‍ ഭാഗിക ഗ്രഹണവും കാണാനാകും. ചന്ദ്രന്‍ സൂര്യനും ഭൂമിക്കുമിടയില്‍ വന്ന് സൂര്യനെ കാഴ്ചയില്‍ നിന്ന് മറയ്ക്കുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം.

ചില സന്ദര്‍ഭങ്ങളില്‍ സൂര്യനെ പൂര്‍ണമായി മറയ്ക്കാന്‍ ചന്ദ്രനാകില്ല, ആ സമയത്ത് ഒരു വലയം ബാക്കിയാക്കും. ഇതിനെയാണ് വലയ സൂര്യഗ്രഹണമെന്ന് പറയുന്നത്. 130 കിലോമീറ്ററോളം വീതിയുള്ളതാണ് വലയ ഗ്രഹണപാത. കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലൂടെയാണ് മധ്യരേഖ കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ ആ രേഖയിലും അതിനോട് അടുത്തുവരുന്ന ഏതാനും കിലോമീറ്ററുകളിലുള്ള സ്ഥലങ്ങളിലും സൂര്യവലയം മുഴുവന്‍ വളരെ കൃത്യതയുള്ളതായിരിക്കും.

കേരളത്തില്‍ എല്ലായിടത്തും സൂര്യബിംബത്തിന്റെ 87-93 ശതമാനം മറയും. രാവിലെ 8.05 മുതല്‍ 11.10 മണി വരെ നീളുന്ന ഗ്രഹണം ഒമ്പതരയോടെ പാരമ്യത്തിലെത്തും. ഈ സമയം സൂര്യന്‍ 90 ശതമാനത്തോളം മറയ്ക്കപ്പെടും.കാസര്‍കോട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ 2.45 മിനിറ്റ് സമയത്തേക്കു വലയ ഗ്രഹണം കാണാം. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയം, കോട്ടയം ദേവമാതാ കോളേജ് ഗ്രൗണ്ട്, ചാലക്കുടി പനമ്പള്ളി മെമ്മോറിയല്‍ കോളേജ് ഗ്രൗണ്ട്, നാദാപുരം രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയം എന്നിവിടങ്ങളില്‍ ഗ്രഹണം കാണാന്‍ സൗകര്യമുണ്ട്

കേരളത്തില്‍ മുമ്പ് വലയഗ്രഹണം ദൃശ്യമായത് 2010 ജനുവരി 15നാണ്. കേരളത്തില്‍ ഈ നൂറ്റാണ്ടിലെ അവസാനത്തെ വലയഗ്രഹണം ദൃശ്യമാകുക 2031 മേയ് 21നാണ്. സൗദി അറേബ്യ, ഖത്തര്‍, യു.എ.ഇ, ശ്രീലങ്ക, മലേഷ്യ, ഇന്തൊനീഷ്യ, സിംഗപ്പുര്‍ രാജ്യങ്ങളിലൂടെയാണു ഗ്രഹണപാത കടന്നുപോകുന്നത്.

കരുതലോടെ കാണാം

നഗ്നനേത്രങ്ങള്‍ കൊണ്ട് ഒരുകാരണവശാലും വലയസൂര്യഗ്രഹണം നിരീക്ഷിക്കരുത്. ഗ്രഹണ സൂര്യന്‍ കൂടുതല്‍ അപകടകാരിയാണ്. ഗ്രഹണം പാരമ്യത്തിലെത്തുമ്പോള്‍ സൂര്യശോഭ നന്നേ കുറയുമെന്നതിനാല്‍ സൂര്യനെ ഏറെനേരം നോക്കിനില്‍ക്കാന്‍ സാധിക്കും. ഈ സമയം മങ്ങിയ പ്രകാശത്തില്‍ കാഴ്ച സാധ്യമാക്കാനായി കൃഷ്ണമണി നന്നായി വികസിക്കും. ഇത് കണ്ണിലേക്ക് കൂടുതല്‍ പ്രകാശത്തെ കടത്തിവിടും.

 കണ്ണിലുള്ള ലെന്‍സ് സൂര്യരശ്മികളെ കണ്ണിന്റെ റെറ്റിനയില്‍ കേന്ദ്രീകരിക്കും. ഇത് റെറ്റിനയെ പൊള്ളലേല്‍പിക്കുകയും കാഴ്ചശക്തിയെ ബാധിക്കുമെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. കൂളിങ് ഗ്ലാസ്, എക്സറേ ഫിലിം, ബൈനക്കുലര്‍, ടെലിസ്‌കോപ്പ്,ക്യാമറ, നിലവാരമില്ലാത്ത പ്ലാസ്റ്റിക് കണ്ണടകള്‍ എന്നിവ കൊണ്ട് ഒരിക്കലും സൂര്യനിലേക്ക് നോക്കരുത്.

അതിനാല്‍ അംഗീകൃത ഫില്‍ട്ടര്‍ കണ്ണടയോ പ്രൊജക്ഷന്‍ സംവിധാനമോ ഉപയോഗിച്ചേ ഈ അപൂര്‍വ പ്രതിഭാസത്തെ ദര്‍ശിക്കാവൂ. ബ്ലാക്ക് പോളിമര്‍ ഉപയോഗിച്ചുണ്ടാക്കിയ ഫില്‍റ്ററുകളാണ് ഏറ്റവും സുരക്ഷിതം.