ഇത് മോദിയുടേയും അമിത് ഷായുടേയും ഇന്ത്യ; ഭീഷണിയുമായി എം.എല്‍.എ

ചണ്ഡീഗഡ്: ബി.ജെ.പി മനസുവെച്ചാല്‍ ദേശീയ പൗരത്വ പട്ടികയ്ക്കും പൗരത്വ ഭേദഗതി നിയമത്തിനുമെതിരെ പ്രതികരിക്കുന്നവരെ ഒരു മണിക്കൂര്‍ കൊണ്ട് ഇല്ലാതാക്കാനാവുമെന്ന ഭീഷണിയുമായി ഹരിയാന ബി.ജെ.പി എം.എല്‍.എ. ലീലാ റാം ഗുര്‍ജാറാണ് ഭീഷണിയുമായി രംഗത്തെത്തിയത് പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് തന്റെ മണ്ഡലത്തില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ലീല റാം.

‘ജവഹര്‍ ലാല്‍ നെഹ്റുവിന്റെയും ഗാന്ധിയുടെയും ഇന്ത്യയല്ല ഇത്. ഇന്നത്തെ ഇന്ത്യ നരേന്ദ്ര മോദിയുടെയും അമിത് ഷായുടേതുമാണ്. ഒരു സിഗ്‌നല്‍ ലഭിച്ചാല്‍ മതി മണിക്കൂറിനുള്ളില്‍ പ്രതിഷേധക്കാരെ എല്ലാം ഞങ്ങള്‍ തീര്‍ത്തു കളയും’- ലീല റാം ഭീഷണിപ്പെടുത്തി. പൗരത്വ നിയമം നടപ്പാക്കുകയെന്ന ദൗത്യം മോദി ഏറ്റെടുത്തു കഴിഞ്ഞെന്നും ഇയാള്‍ പറയുന്നുണ്ട്.

‘തങ്ങളെ പുറത്താക്കാനുള്ള ഗൂഡാലോചനയാണെന്ന് മുസ്ലിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ ഈ നിയമത്തില്‍ അത്തരത്തിലുള്ള ഒന്നും തന്നെയില്ല. എന്നാല്‍ നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ചവര്‍ തീര്‍ച്ചയായും പോകേണ്ടിവരും’ ലീലാറാം കൂട്ടിച്ചേര്‍ത്തു. ഒക്ടോബറില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാലയെ പരാജയപ്പെടുത്തിയ വ്യക്തി കൂടിയാണ് ഗുര്‍ജാര്‍.