മണ്ണ് തിന്നല്‍ വിവാദം; ശിശുക്ഷേമ സമിതി മുന്‍ ജനറല്‍ സെക്രട്ടറിയെ തരം താഴ്ത്തി

തിരുവനന്തപുരം: ശിശുക്ഷേമ സമിതി മുന്‍ ജനറല്‍ സെക്രട്ടറി എസ്പി ദീപക്കിനെ തരം താഴ്ത്തി സിപിഎം. ലോക്കല്‍ കമ്മിറ്റിയിലേക്കാണ് ദീപക്കിനെ തരം താഴ്ത്തിയിരിക്കുന്നത്. വഞ്ചിയൂര്‍ ഏര്യാ കമ്മിറ്റി അംഗമായിരിന്നു ദീപക്. കൈതമുക്കിലെ കുട്ടികള്‍ മണ്ണ് വാരി തിന്നെന്ന ദീപക്കിന്റെ പ്രസ്താവന സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിന്നു. ഇന്നലെ ചേര്‍ന്ന ജില്ലാ കമ്മിറ്റിയില്‍ ആണ് ഇത് സംബന്ധിച്ച തീരുമാനമായത്. വഞ്ചിയൂര്‍ ലോക്കല്‍ സെക്രട്ടറിയേയും മാറ്റിയിട്ടുണ്ട്.

നേരത്തെ പാര്‍ട്ടി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് എസ്പി ദീപക് ശിശുക്ഷേമ സമിതി സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവച്ചിരുന്നു. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്നുകൊണ്ട് ദീപക് നടത്തിയ പരാമര്‍ശം സര്‍ക്കാരിന് നാണക്കേടുണ്ടാക്കിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തിയിരുന്നു. ഡിസംബര്‍ 2നാണ് സമൂഹത്തെ ആകെ ഞെട്ടിച്ച് തിരുവനന്തപുരം നഗരമധ്യത്തില്‍ പട്ടിണി മൂലം അമ്മ ആറുമക്കളില്‍ നാല് പേരെ ശിശുക്ഷേമ സമിതിക്ക് വിട്ട് നല്‍കാന്‍ തീരുമാനിച്ചത്.

കൈതമുക്കിലെ പുറംപോക്കിലെ ഷെഡില്‍ കഴിയുന്ന കുടുംബത്തിലെ മൂത്ത കുട്ടിക്ക് 7 വയസും ഇളയകുട്ടിക്ക 3മാസവുമാണ് പ്രായം. കൂലിപ്പണിക്കാരനായ ഭര്‍ത്താവ് കുഞ്ഞുമോന്‍ മദ്യപാനിയാണ്. ഇയാള്‍ പണമോ മറ്റ് സഹായങ്ങളോ കുടുംബത്തിന് നല്‍കിയിരുന്നില്ല.