യോഗത്തില്‍ പങ്കെടുക്കും; സര്‍ക്കാറുമായി യോജിച്ച സമരത്തിനില്ല, ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതേസമയം സര്‍ക്കാറുമായി യോജിച്ച സമരത്തിനില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. പൗരത്വ ബില്ലിനെതിരായ സമരത്തില്‍ കോണ്‍ഗ്രസിലോ യു.ഡി.എഫിലോ ആശയക്കുഴപ്പമില്ല.

സമരങ്ങളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു. അതേ സമയം പൗരത്വ ബില്ലിനെതിരായി സമരം ചെയ്യുന്നവരോട് സംസ്ഥാന പോലീസ് സ്വീകരിച്ച നടപടി ശരിയല്ലെന്നും അത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സര്‍ക്കാര്‍ മോദിയുടെ പാത സ്വീകരിക്കുന്നത് ശരിയല്ല.

ഈ വിഷയത്തില്‍ മോദിക്കും പിണറായി വിജയനും ഒരേ നിലപാട് എന്തിനാണെന്നും ചെന്നിത്തല ചോദിച്ചു. കേരള ഗവര്‍ണറെ കരുണാകരന്‍ അനുസ്മരണ ചടങ്ങില്‍ നിന്ന് ഒഴിവാക്കിയത് ശരിയായ നടപടിയാണ്. അദ്ദേഹത്തിന്റെ നിലപാടുകള്‍ ശരിയല്ലാത്തതുകൊണ്ടാണെന്നും ചെന്നിത്തല പറഞ്ഞു.