ആ വിവരങ്ങള്‍ തരില്ല; സ്വിസ് ബാങ്കില്‍ നിക്ഷേപമുള്ള ഇന്ത്യക്കാരെ സുരക്ഷിതരാക്കി കേന്ദ്രം

ഡല്‍ഹി: സ്വിസ് ബാങ്കുകളില്‍ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തില്ല. കേന്ദ്ര ധനമന്ത്രാലയം വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനാണ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. വിവരങ്ങള്‍ നല്‍കിയാല്‍ സ്വിറ്റ്സര്‍ലന്‍ഡുമായുള്ള കരാറിന്റെ ലംഘനമാകുമെന്നും നികുതി സംബന്ധമായ വിവരങ്ങള്‍ വിദേശ രാജ്യത്തില്‍ നിന്ന് ലഭിക്കുന്നത് വിവരാവകാശ നിയമത്തിന്റെ പരിധിക്ക് പുറത്താണെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.

വിദേശ രാജ്യവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടുന്നത് രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതക്കും സുരക്ഷക്കും സാമ്പത്തിക താല്‍പര്യത്തിനും എതിരാണെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. മറ്റ് രാജ്യങ്ങളില്‍ നിന്ന് ലഭിച്ച കള്ളപ്പണത്തിന്റെ കണക്കും ധനമന്ത്രാലയം പുറത്തുവിടാന്‍ വിസ്സമ്മതിച്ചു. വിദേശസര്‍ക്കാരുകളില്‍ നിന്നു സ്വീകരിക്കുന്ന വിവരങ്ങള്‍ പുറത്തുവിടേണ്ടതില്ലെന്ന വിവരാവകാശ നിയമത്തിലെ വകുപ്പ് ഉദ്ധരിച്ചാണ് വിവരം നിഷേധിക്കുന്നത്.

ഇന്ത്യയും സ്വിറ്റ്സര്‍ലന്‍ഡും തമ്മിലൊപ്പിട്ട വിവരകൈമാറ്റ ഉടമ്പടിയുടെ ആദ്യഘട്ട പ്രകാരമുള്ള വിവരങ്ങള്‍ സെപ്റ്റംബറില്‍ ഇന്ത്യക്കു ലഭിച്ചിരുന്നു. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ചിന്റെ (എന്‍ഐഎഫ്എം) കണക്കനുസരിച്ച് 1990-2008 കാലത്ത് ഇന്ത്യയില്‍ നിന്നുള്ള കള്ളപ്പണം 9,41,837 കോടി രൂപയാണ്. നേരത്തെ, സ്വിറ്റ്സര്‍ലന്‍ഡില്‍ അക്കൗണ്ടുള്ള ഇന്ത്യന്‍ പൗരന്മാരുടെ വിവരങ്ങള്‍ സര്‍ക്കാര്‍ തേടിയിരുന്നു.

പുതിയ കരാര്‍ പ്രകാരം കഴിഞ്ഞ സെപ്റ്റംബറിലാണ് ചിലരുടെ വിവരങ്ങള്‍ സ്വിറ്റ്സര്‍ലന്‍ഡ് ഇന്ത്യക്ക് കൈമാറിയത്. സ്വിറ്റ്സര്‍ലന്‍ഡ് ഫെഡറല്‍ ടാക്സ് അഡ്മിനിസ്ട്രേഷനുമായി സാമ്പത്തിക വിവരങ്ങള്‍ കൈമാറുന്ന 75 രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കാമെന്ന കരാറിന്മേലാണ് വിവരങ്ങള്‍ നല്‍കിയതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.