അധികാരത്തിലേക്ക്; ഝാര്‍ഖണ്ഡില്‍ ഹേമന്ത് സോറന്‍ ഇന്ന് ഗവര്‍ണറെ കാണും

റാഞ്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യത്ത് ശക്തമായിരിക്കെ ഭരണകക്ഷിയായ ബി.ജെപി.ക്കു കനത്ത തിരിച്ചടി നല്‍കി ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 47 സീറ്റുകളോടെ കോണ്‍ഗ്രസ്, ജെ.എം.എം, ആര്‍.ജെ.ഡി സഖ്യ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഒരുക്കത്തില്‍ ഇന്ന് തന്നെ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശ വാദം ഹേമന്ത് സോറന്‍ ഉന്നയിച്ചേക്കും. അതേ സമയം ബി.ജെ.പിയുടെ മുഖ്യമന്ത്രിയായിരുന്ന രഘുബര്‍ദാസ് ഗവര്‍ണറെ കണ്ട് രാജിക്കത്ത് സമര്‍പ്പിച്ചു.

പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നത് വരെ മുഖ്യമന്ത്രിയായി തുടരണമെന്ന് ഗവര്‍ണര്‍ രഘുബര്‍ദാസിനോട് അഭ്യര്‍ഥിച്ചു. 30 സീറ്റുകള്‍ നേടിയ ജെ.എം.എം ആണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. കോണ്‍ഗ്രസ് 16 സീറ്റുകള്‍ നേടി. ആര്‍.ജെ.ഡിക്ക് ഒരു സീറ്റാണ് കിട്ടിയത്. കഴിഞ്ഞ തവണ 37 സീറ്റുകള്‍ നേടിയ ബി.ജെ.പി് ഇത്തവണ 25 സീറ്റുകളില്‍  ഒതുങ്ങി. മുഖ്യമന്ത്രി രഘുബര്‍ദാസും സ്പീക്കറും നാല് മന്ത്രിമാരും പാര്‍ട്ടി സംസ്ഥാന അധ്യക്ഷനും കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങിയത് ബിജെപിക്ക് ഇരട്ടിപ്രഹരമായി.

പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം തനിക്കാണെന്നും ജനവിധി മാനിക്കുന്നതായും രഘുബര്‍ദാസ് പ്രതികരിച്ചു. മൂന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ശക്തിയാര്‍ജിക്കുന്നത്. അതുകൊണ്ടുതന്നെ അതു തിരിച്ചറിഞ്ഞു തന്നെയാണ് വോട്ടര്‍മാര്‍ ജനവിധിയെഴുതിയതെന്നാണ് ഫലം ഉറപ്പാക്കുന്നത്. 81 അംഗ നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് 41 സീറ്റുകളാണ് വേണ്ടത്. ജാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പു ചിത്രം ഏതാണ്ട് വ്യക്തമാകുമ്പോള്‍ ബി.ജെ.പിക്ക് ഒരു സംസ്ഥാനത്തിന്റെ കൂടി ഭരണം നഷ്ടമാകുന്നു.

16 സംസ്ഥാനങ്ങളില്‍ മാത്രമായി പാര്‍ട്ടിയുടെ ഭരണം ചുരുങ്ങുകയാണ്. ഒന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണകാലയളവില്‍ 21സംസ്ഥാനങ്ങളില്‍ വരെ ബി.ജെ.പി ഭരണം പിടിച്ചിരുന്നു. 2018 ഡിസംബര്‍ ആയപ്പോഴേക്കും അത് 17സംസ്ഥാനങ്ങളിലായി ചുരുങ്ങി. ഇപ്പോള്‍ മഹാരാഷ്ടക്കുശേഷം ജാര്‍ഖണ്ഡില്‍ കൂടി ഭരണം നഷ്ടപ്പെടുമ്പോള്‍ പതിനാറിടത്ത് മാത്രമാണ് ബിജെപിയുടെ ഭരണസാന്നിധ്യമുള്ളത്. ഹിന്ദിഹൃദയ ഭൂമിയിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ഒരുപോലെ സ്വാധീനം പിടിച്ചെടുക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നതിനിടയിലാണ് സംസ്ഥാനങ്ങള്‍ ഓരോന്നായി പാര്‍ട്ടിക്ക് നഷ്ടപ്പെടുന്നത്.

മഹാരാഷ്ടയില്‍ എങ്ങനേയും ഭരണം നിലനിറുത്താന്‍ ബി.ജെ.പി നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതിനു പിന്നാലെയാണ് ഇപ്പോള്‍ ഝാര്‍ഖണ്ഡിലും സ്ഥിതി പ്രതികൂലമായിരിക്കുന്നത്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ മുഖം നഷ്ടപ്പെട്ട കോണ്‍ഗ്രസിനാകട്ടെ ഏറെ ആത്മവിശ്വാസം പകരുന്നതാണ് ഈ വിജയങ്ങള്‍. ആദിവാസി മേഖലകള്‍ ബി.ജെ.പിയെ കൈവിട്ടു.

രഘുബര്‍ദാസ് ഭരണത്തിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളും വോട്ടര്‍മാര്‍ ഏറ്റെടുത്തു. ഒറ്റയ്യക്ക് മല്‍സരിക്കാനുള്ള തീരുമാനവും തിരിച്ചടിയായി. 65 ലധികം സീറ്റ് നേടി ഒറ്റയ്ക്ക് അധികാരത്തിലെത്താമെന്നായിരുന്നു ബിജെപിയുടെ കണക്കുകൂട്ടല്‍.