പൗരത്വ നിയമ പ്രതിഷേധം; രാഷ്ട്രപതിയുടെ സ്വര്‍ണമെഡല്‍ നിരസിച്ച് മലയാളി വിദ്യാര്‍ത്ഥിനി

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് രാഷ്ട്രപതി രാം നാഥ് കോവിന്ദില്‍ നിന്ന് സ്വര്‍ണമെഡല്‍ ഏറ്റുവാങ്ങുന്നത് നിരസിച്ച് മലയാളി വിദ്യാര്‍ത്ഥിനി. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ ഇന്ന് നടക്കുന്ന ബിരുദദാന ചടങ്ങ് ബഹിഷ്‌കരിക്കുന്നുവെന്നും എം.എസ്
സി ഇലക്ട്രോണിക് മീഡിയ കോഴ്സിലെ ഒന്നാം റാങ്കുകാരി കാര്‍ത്തിക ബി. കുറുപ്പ് അറിയിച്ചു.

കോട്ടയം കറുകച്ചാല്‍ സ്വദേശിയാണ് കാര്‍ത്തിക. ദേശീയ പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് സ്വര്‍ണമെഡല്‍ നിരസിക്കുന്നതെന്നും
ചടങ്ങ് ബഹിഷ്‌കരിക്കുന്നതെന്നും കാര്‍ത്തിക പറഞ്ഞു. അതേസമയം, സര്‍വകലാശാലയില്‍ നടക്കുന്ന ചടങ്ങ് ബഹിഷ്‌കരിക്കാന്‍ എസ്.എഫ്.ഐയുടെ നേതൃത്വത്തിലുള്ള സ്റ്റുഡന്‍സ് കൗണ്‍സിലും ആഹ്വാനം ചെയ്തിട്ടുണ്ട്.

ഇതിന് പിന്നാലെ ഗവേഷക വിദ്യാര്‍ത്ഥിയായ എ എസ് അരുണ്‍കുമാര്‍ പിഎച്ച്ഡി സ്വീകരിക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കുമെന്നും സമൂഹമമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. നിയമം പിന്‍വലിക്കുംവരെ പ്രതിഷേധം തുടരുമെന്നാണ് വിദ്യാര്‍ത്ഥികള്‍ അറിയിച്ചിരിക്കുന്നത്.