പാലാരിവട്ടം പാലം ഭാരപരിശോധന; സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കും

തിരുവനന്തപുരം: പാലാരിവട്ടം മേല്‍പ്പാലത്തില്‍ ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്. പുനഃപരിശോധനാ ഹര്‍ജി ഹൈക്കോടതി തള്ളിയതോടെയാണ് അപ്പീലുമായി സുപ്രീംകോടതിയെ സമീപിക്കാനുള്ള നീക്കം. ഭാരപരിശോധന മൂന്ന് മാസത്തിനകം നടത്തണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. വിദഗ്ധര്‍ പാലത്തിന് ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അതിനാല്‍ ഭാരപരിശോധന ആവശ്യമില്ലെന്നുമാണ് സര്‍ക്കാര്‍ വാദം.

പരിശോധന നടത്താനാവാത്ത തരത്തില്‍ വിള്ളലുകളുണ്ടെന്ന് കണ്ടെത്തി. അറ്റകുറ്റപ്പണി പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തില്‍ നിയമ നടപടികള്‍ നീണ്ടാല്‍ പാലം തുറക്കുന്നത് വൈകും. ഇത് കൂടുതല്‍ ഗതാഗതക്കുരുക്കുണ്ടാക്കുമെന്ന് കാണിച്ചാണ് സുപ്രീം കോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. പാലം ഇളകാത്ത സ്ഥിതിയിലെത്തിയ ശേഷമേ പരിശോധന നടത്താന്‍ കഴിയൂ.

ഇക്കാര്യങ്ങള്‍ ഹൈക്കോടതി വേണ്ടവിധം പരിഗണിച്ചില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടും. വിദഗ്ധോപദേശം പരിഗണിച്ചാണ് പാലം പൊളിക്കാന്‍ തീരുമാനിച്ചത്. ഇ ശ്രീധരന്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക വിദഗ്ധരുടെ ഉപദേശം കണക്കിലെടുത്ത് പാലം പൊളിച്ചു പണിയാന്‍ തീരുമാനിച്ചതെന്നും സര്‍ക്കാര്‍ പറയുന്നു.

ഈ നിലപാട് സുപ്രീം കോടതിയെ ബോധിപ്പിക്കും. സ്ട്രക്ചറല്‍ എഞ്ചിനീയേഴ്സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു പാലത്തില്‍ ഭാരപരിശോധന നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടത്. ബലക്ഷയം വിലയിരുത്താതെയാണ് തിടുക്കത്തില്‍ പൊളിച്ച് പണിയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നാണ് ഹര്‍ജിക്കാരുടെ വാദം.