രാജ്യം മുഴുവന്‍ സമരച്ചൂടിലേക്ക്; ചെന്നൈയില്‍ ഇന്ന് മഹാറാലി

ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെങ്ങും ഇന്ന് പ്രതിഷേധം. രാജ്ഘട്ടില്‍ ഇന്ന് കോണ്‍ഗ്രസിന്റെ സത്യഗ്രഹ ധര്‍ണ. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ധര്‍ണക്ക് നേതൃത്വം നല്‍കും. ഉച്ചക്കാണ് ധര്‍ണ ആരംഭിക്കുക. വൈകീട്ട് വരെ ധര്‍ണ തുടരും. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും പ്രതിഷേധത്തിന്റ ഭാഗമായേക്കും. ഭരണഘടന സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് സത്യഗ്രഹ ധര്‍ണ.

ചെന്നൈയില്‍ പ്രതിപക്ഷത്തിന്റെ നേതൃത്വത്തില്‍ ഇന്ന് മഹാറാലി നടക്കും. കര്‍ണാടകയില്‍ 35 ഇടങ്ങളില്‍ പ്രതിഷേധമുണ്ട്. തെലങ്കാനയില്‍ വിവിധ ജില്ലകളില്‍ സമരത്തിന് ആഹ്വാനം. കൊച്ചിയില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് ലോങ്മാര്‍ച്ച് നടക്കുന്നുണ്ട്. യുപി പോലീസ് നടത്തുന്ന അതിക്രമത്തിനെതിരെ ഇന്ന് യുപി ഭവന് മുന്നിലും പ്രതിഷേധമുണ്ട്.

ഇതിനകം 200 പേരെയെങ്കിലും യുപി പോലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. മുസ്ലിം വീടുകളെ ഉന്നംവെച്ച് പോലീസ് അക്രമം അഴിച്ചുവിടുന്നുവെന്ന പരാതി വ്യാപകമാണ്.
അതേസമയം ജാമിയ ടീച്ചേഴ്സ് അസോസിയേഷനും, കോഡിനേഷന്‍ കമ്മിറ്റിയും, യുണൈറ്റഡ് എഗെയ്ന്‍സ്റ്റ് ഹേറ്റും വീണ്ടും പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തും.

അതേസമയം കേരളത്തില്‍ നിന്നുള്ള മുസ്ലിം ലീഗ് എംഎല്‍എമാര്‍ ഇന്ന് മംഗലാപുരം സന്ദര്‍ശിക്കും. എംഎല്‍എമാരായ എന്‍.എ.നെല്ലിക്കുന്ന്, എം.സി.ഖമറുദ്ദീന്‍, പി.കെ.ബഷീര്‍, എന്‍. ഷംസുദ്ദീന്‍ എന്നിവരാണ് സംഘത്തിലുള്ളത്. പൗരത്വഭേതഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ പോലീസ് വെടിവയ്പ്പുണ്ടായ പ്രദേശങ്ങളും ഇവര്‍ സന്ദര്‍ശിക്കും.

വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെയും ബന്ധുക്കളെയും നേരില്‍ കാണാനും  ശ്രമിക്കും. മംഗളൂരു നഗരത്തില്‍ കര്‍ഫ്യൂ പിന്‍വലിച്ചെങ്കിലും നിരോധനാഞ്ജ ഇന്നും തുടരും ഈ സാഹചര്യത്തില്‍ കേരള എംഎല്‍എമാരെ കര്‍ണാടക പോലീസ് തടഞ്ഞ് തിരിച്ചയക്കാനാണ് സാധ്യത.