പൗരത്വ നിയമ ഭേദഗതി; ബിജെപിയുടെ പരസ്യ പ്രതിഷേധ പരിപാടി ഇന്ന് മുതല്‍

കൊല്‍ക്കത്ത: ദേശിയ പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധത്തിന് മറുപടിയായി ബിജെപിയുടെ പരസ്യ പ്രതിഷേധ പരിപാടികള്‍ ഇന്ന് ആരംഭിക്കും. പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റ് ജെപി നദ്ദയുടെ നേത്യത്വത്തില്‍ കൊല്‍ക്കത്തയിലാണ് പൗരത്വ ഭേഭഗതി നിയമനിര്‍മാണത്തെ അനുകൂലിച്ചുള്ള പ്രധാന റാലി നടക്കുക.

അതേസമയം ഉത്തര്‍ പ്രദേശിലെ ആക്രമണങ്ങള്‍ക്ക് പിന്നിലെ പ്രധാന ശക്തി പോപ്പുലര്‍ ഫ്രണ്ടാണെന്നും സംഘടനയ്ക്ക് എതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും ഉത്തര്‍ പ്രദേശ് ഉപമുഖ്യമന്ത്രി സി.എം ദിനേശ് ശര്‍മ്മ പ്രഖ്യാപിച്ചു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഇന്നും പൗരത്വ നിയമ ഭേഭഗതിക്കെതിരായ ശക്തമായ പ്രതിഷേധങ്ങള്‍ നടക്കും.

സോണിയാ ഗാന്ധിയുടെ നേത്യത്വത്തില്‍ രാജ്ഘട്ടില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച പ്രതിഷേധ ധര്‍ണയും ഇന്ന് ഉച്ചയ്ക്ക് ശേഷം നടക്കും. മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ കേന്ദ്രസര്‍ക്കാരിന് നല്ല ബുദ്ധി തോന്നാന്‍ രണ്ട് മണിമുതല്‍ രാത്രി 8 മണിവരെ രാജ്ഘട്ടില്‍ പ്രാര്‍ത്ഥിക്കും എന്ന് കോണ്‍ഗ്രസ് വക്താക്കള്‍ അറിയിച്ചു. കോണ്‍ഗ്രസ് പ്രതിഷേധം ഗാന്ധി സമാതിയായ രാജ്ഘട്ടില്‍ നടത്തുന്നതിനെതിരെ ബിജെപി രംഗത്ത് എത്തിയിട്ടുണ്ട്.

രാജ്ഘട്ടില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുള്ള ധര്‍ണ്ണയുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്ക് നടുവിലാണ് ഇപ്പോള്‍ രാജ്യതലസ്ഥാനം. പശ്ചിമ ബംഗാളില്‍ സംഘര്‍ഷ സാധ്യത ഉണ്ടെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്. പതിനെട്ട് പേര്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ഉത്തര്‍ പ്രദേശില്‍ ഇന്നും പ്രക്ഷോഭങ്ങള്‍ തുടരും.

സംഘര്‍ഷങ്ങളും ആയി ബന്ധപ്പെട്ട് ഇതുവരെ സംസ്ഥാനത്ത് 879 പേരെ അറസ്റ്റ് ചെയ്തതായി ഉത്തര്‍പ്രദേശ് ഡിജിപി ഒപി സിംഗും വ്യക്തമാക്കി. ഇതുവരെ മുന്‍ കരുതല്‍ നടപടി എന്ന നിലയില്‍ അയ്യായിരത്തോളം പേരെ ആണ് ചോദ്യം ചെയ്തിട്ടുള്ളത്.