മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുന്നു; വിമര്‍ശനവുമായി വി. മുരളീധരന്‍

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത് ഗാലറിയ്ക്ക് വേണ്ടിയുള്ള പ്രകടനം മാത്രമാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ഭരണഘടന പദവിയില്‍ ഇരിക്കുന്നവര്‍ അരാജകത്വവാദികളാവുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പി.എസ്.സി എംപ്ലോയിസ് സംഘ് സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുന്നു. അവര്‍ പ്രതിഷേധിക്കുകയാണെങ്കില്‍ അവരുടെ ശമ്പളം വേണ്ടെന്ന് വയ്ക്കണമെന്നും മന്ത്രി പറഞ്ഞു. ഈ വിഷയത്തില്‍ കോണ്‍ഗ്രസും സി.പി.എമ്മും അവരുടെ മുന്‍ നിലപാടുകള്‍ പരിശോധിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. പൗരത്വഭേതഗതി നിയമത്തിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകര്‍ അടക്കമുള്ള മലയാളികള്‍ കബളിപ്പിക്കപ്പെടുന്നു.

കേരള മാധ്യമങ്ങളിലെ വാര്‍ത്തകള്‍ രാജ്യം മുഴുവന്‍ വലിയ പ്രതിഷേധമാണെന്ന പ്രതീതിയാണ് സൃഷ്ടിക്കുന്നത്. യാഥാര്‍ഥ്യങ്ങള്‍ ജനങ്ങളുടെ മുന്നിലെത്തണം’. കുപ്രചരണങ്ങള്‍ക്ക് ആയുസ്സുണ്ടാവില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.