കട്ടക്കില്‍ പ്രതീക്ഷയോടെ ഇന്ത്യ; മൂന്നാം ഏകദിന മത്സരം ഇന്ന്

കട്ടക്ക്: ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മില്‍ നടക്കുന്ന ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ കലാശപോരാട്ടം ഇന്ന്. ആദ്യ രണ്ട് ഏകദിനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യയും വിന്‍ഡീസും ഓരോ മത്സരങ്ങള്‍ ജയിച്ചിരുന്നു. കട്ടക്കില്‍ ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം. കട്ടക്കിലെ ബരാമതി സ്റ്റേഡിയത്തില്‍ മൂന്നു വര്‍ഷം മുമ്പാണ് അവസാനം ഏകദിനം കളിച്ചത്. പരിക്കേറ്റ ദീപക് ചാഹറിന് പകരം ഇന്ത്യ നവദീപ് സെയ്നിയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ടീമില്‍ മറ്റ് മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. രണ്ട് കളിയില്‍ നാല് റണ്‍ മാത്രമെടുത്ത വിരാട് കോലിക്ക് കട്ടക്കിലും അത്ര നല്ല റെക്കോര്‍ഡല്ല. കട്ടക്കിലെ പിച്ച് ബാറ്റ്സ്മാന്മാര്‍ക്കൊപ്പം കട്ടക്ക് നില്‍ക്കുമെന്ന പ്രതീക്ഷയിലാണ്. എന്നാല്‍ ഇത്തവണ വേഗം കൂടിയ പിച്ചാണ് ഒരുക്കിയതെന്നാണ് ക്യൂറേറ്ററുടെ അവകാശവാദം. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ടോസ് നേടിയ വിന്‍ഡീസ് ഇന്ത്യയെ ബാറ്റിംങിന് അയക്കുകയായിരുന്നു.

ഇക്കുറി ടോസ് നേടിയ ടീം എന്ത് തെരഞ്ഞെടുക്കുമെന്ന് ഉറപ്പിക്കാനാകില്ല. എന്നാല്‍ മഞ്ഞുവീഴ്ച ഉള്ളതിനാല്‍ ടോസ് നേടുന്നവര്‍ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത. 2003ന് ശേഷം ഏകദിനം തോറ്റിട്ടില്ലാത്ത കട്ടക്ക് ഇന്ത്യയുടെ ഭാഗ്യ മൈതാനമായാണ് അറിയപ്പെടുന്നത്. ആദ്യ ഏകദിനത്തില്‍ എട്ട് വിക്കറ്റിന് ജയിച്ച് വിന്‍ഡീസ് ഇന്ത്യയെ ഞെട്ടിച്ചിരുന്നു.

രണ്ടാം ഏകദിനത്തില്‍ 107റണ്‍സിന് ജയിച്ചാണ് ഇന്ത്യ വിശാഖപട്ടണത്ത് അതിന് പകരം വീട്ടിയത്. നേരത്തെ അവസാന ടി20 മുംബൈയില്‍ ജയിച്ച് ഇന്ത്യ 2-1ന് പരമ്പര നേടിയിരുന്നു. വിന്‍ഡീസിനെതിരെ തുടര്‍ച്ചയായ പത്താം ഏകദിന പരമ്പരയില്‍ വിജയം ലക്ഷ്യമിട്ടാണ് ടീം ഇന്ത്യ ഇറങ്ങുന്നത്.