പ്രക്ഷോഭകര്‍ക്ക് നേരെ വെടിവെച്ചത് പോലീസ് തന്നെ; തെളിവുകള്‍ പുറത്ത്

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ പ്രക്ഷോഭകര്‍ക്കു നേരെ പോലീസ് വെടിവെപ്പ് നടത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. 18 പേര്‍ കൊല്ലപ്പെട്ടിട്ടും ഒരു ബുള്ളറ്റുപോലും ഉപയോഗിച്ചിട്ടില്ലെന്ന പോലീസ് വാദം ഇതോടെ പൊളിഞ്ഞിരിക്കുകയാണ്. സംഭവത്തിന് തെളിവുകളില്ലെന്നാണ് പോലീസ്
പറഞ്ഞിരുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ രാജ്യവ്യാപകമായി തുടരുമ്പോഴും തീരുമാനത്തില്‍നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍.

എന്നാല്‍, വിവിധയിടങ്ങളില്‍ ക്രൂരമായ പോലീസ് നടപടികളെ നേരിടേണ്ടിവരുമ്പോഴും
പ്രതിഷേധങ്ങളില്‍നിന്ന് പിന്നോട്ടുപോകാന്‍ ജനങ്ങളും തയാറായിട്ടില്ല. ഇന്നലെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍ ജനകീയ പ്രക്ഷോഭമാണ് ഇതേ വിഷയത്തില്‍ നടന്നത്. ഉത്തര്‍പ്രദേശില്‍ പ്രതിഷേധക്കാരുടെ സ്വത്തുക്കളടക്കം ജപ്തി ചെയ്യുമെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഭീഷണികള്‍ക്കിടയിലും വന്‍ പ്രതിഷേധങ്ങള്‍ക്കാണ് സംസ്ഥാനം സാക്ഷ്യംവഹിക്കുന്നത്.

വിവിധ നഗരങ്ങളിലെ പ്രതിഷേധങ്ങള്‍ക്കു നേരെയുണ്ടായ പോലീസ് നടപടിയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 18 ആയെന്നാണ് അവസാനം വരുന്ന റിപ്പോര്‍ട്ട്. എട്ടു വയസുള്ള കുട്ടിയും
കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. ഇന്നലെ രാംപൂരിലും കാണ്‍പൂരിലുമാണ് ശക്തമായ പ്രക്ഷോഭവും സംഘര്‍ഷവും അരങ്ങേറിയത്. ഷഹറാന്‍പൂര്‍, ദയൂബന്ദ്, ശംലി, മുസഫര്‍നഗര്‍, മീററ്റ്, ഗാസിയാബാദ്, ഹാപൂര്‍, സാംബല്‍, അലിഗഢ്, ബഹ്റൈക്, ഫിറോസാബാദ്, കാണ്‍പൂര്‍, ബദോഹി,
ഗോരക്പൂര്‍ തുടങ്ങിയ ജില്ലകളില്‍ ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്.

ഉത്തര്‍പ്രദേശിലെ വിവിധ ജില്ലകളില്‍ നിരോധനാജ്ഞയും ഇന്റര്‍നെറ്റ് നിയന്ത്രണവും തുടരുകയാണ്. ഇന്നലെ ലഖ്നൗവിലടക്കം ഇന്റര്‍നെറ്റ് വിച്ഛേദിച്ചിട്ടുണ്ട്. നിലവിലെ സ്ഥിതിപ്രകാരം നാളെവരെ നിയന്ത്രണമുണ്ടാകുമെന്നാണ് സൂചന.