പൗരത്വ ഭേദഗതി നിയമം; ഡല്‍ഹിയില്‍ കസ്റ്റഡിയിലെടുത്ത കുട്ടികളെ വിട്ടയച്ചു

ഡല്‍ഹി: ജുമാ മസ്ജിദിന് മുന്നില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത കുട്ടികളെ വിട്ടയച്ചു തുടങ്ങി. ഇന്നലെ സംഘര്‍ഷത്തില്‍ 42 പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. ഇതില്‍ 14 മുതല്‍ 16 വയസുവരെയുള്ള ഒമ്പത് കുട്ടികളാണ് ഉണ്ടായിരുന്നത്. വെള്ളിയാഴ്ച ജുമുഅക്ക് ശേഷം ഇന്ത്യാ ഗേറ്റിലേക്ക് ചന്ദ്രശേഖര്‍ ആസാദ് പ്രതിഷേധ റാലി പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍, റാലിക്ക് പോലീസ് അനുമതി നല്‍കിയിരുന്നില്ല. കസ്റ്റഡിയിലെടുത്ത കുട്ടികളെ വിട്ടയക്കാമെങ്കില്‍ കീഴടങ്ങാമെന്ന നിബന്ധന മുന്നോട്ടു വെച്ചാണ് ചന്ദ്രശേഖര്‍ ആസാദ് ഇന്നലെ പുലര്‍ച്ചെ പോലീസിന് കീഴടങ്ങിയത്. സമരം തുടരാനും അദ്ദേഹം പോലീസ് കസ്റ്റഡിയില്‍ നിന്ന് ആഹ്വാനം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ചര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് കുട്ടികളെ പോലീസ് വിട്ടയക്കുന്നത്. മാതാപിതാക്കളെ വിളിച്ചുവരുത്തിയ ശേഷം അവര്‍ക്കൊപ്പമാണ് കുട്ടികളെ വിട്ടയക്കുക.