മംഗളുരു അക്രമത്തിന് പിന്നില്‍ മലയാളികള്‍; കര്‍ണാടക ആഭ്യന്തരമന്ത്രി

മംഗളുരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ പോലീസ് വെടിവെച്ചതിന് പിന്നാലെ മലയാളികള്‍ക്കെതിരെ ആരോപണവുമായി കര്‍ണാടക ആഭ്യന്തര മന്ത്രി. കേരളത്തില്‍ നിന്ന് വന്നവരാണ് അക്രമത്തിന് പിന്നിലെന്നും പോലീസ് സ്റ്റേഷന് തീയിടാന്‍ ശ്രമിച്ചെന്നും ബസവരാജ് ബൊമ്മൈ ആരോപിച്ചു. അക്രമികളെ നേരിടാനാണ് പോലീസ് വെടിവച്ചത്.

മംഗളൂരുവില്‍ പോലീസ് വെടിവെപ്പില്‍ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ മുന്‍ മേയറുമുണ്ട്. പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രിയിലും പോലീസ് അതിക്രമം നടത്തി. മന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെ ഇന്ന് വെടിവെപ്പില്‍ മരിച്ചവരുടെ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മലയാളി മാധ്യമപ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ആയുധങ്ങളുമായി മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന എത്തിയവരെയാണ് കസ്റ്റഡിയിലെടുത്തെന്നാണ് പോലീസ് പ്രചരിപ്പിക്കുന്നത്. അതേസമയം മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്. കേരളത്തിലെ ഭരണ, പ്രതിപക്ഷ നേതാക്കള്‍ പോലീസ് നടപടിയെ അപലപിച്ചു. മാധ്യമപ്രവര്‍ത്തകരെ മോചിപ്പിക്കാന്‍ ഇടപെടുന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ കര്‍ണാടക പോലീസുമായി സംസാരിച്ചു.