ഉത്തര്‍പ്രദേശില്‍ സമാജ് വാദ് പാര്‍ട്ടി നേതാക്കള്‍ ഉള്‍പെടെ 17 പേര്‍ക്കെതിരെ എഫ്.ഐ.ആര്‍

ലഖ്നൗ: കഴിഞ്ഞ ദിവസം പൗരത്വ നിയമ ഭേദഗതിക്കെതിരെ ലഖ്നൗവിലും സംബാലിലും നടന്ന പ്രതിഷേധ സംഭവങ്ങളില്‍ ഉത്തര്‍പ്രദേശില്‍ 17 പേര്‍ക്കെതിരെ എഫ്.ഐ.ആര്‍. സമാജ് വാദി പാര്‍ട്ടി നേതാക്കളായ ശഫീഖ് റഹ്മാന്‍ പര്‍ഖ്, ഫിറോസ് ഖാന്‍ തുടങ്ങിയവരും പട്ടികയില്‍ ഉള്‍പെടുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്കിടെ ഉത്തര്‍പ്രദേശില്‍ പലയിടങ്ങളിലും സംഘര്‍ഷം രൂക്ഷമായിരുന്നു.

ലഖ്നൗവില്‍ പ്രതിഷേധക്കാര്‍ നിരവധി വാഹനങ്ങളാണ് അഗ്നിക്കിരയാക്കിയത്. പോലീസ് ഔട്ട്പോസ്റ്റുകള്‍ കത്തിക്കുകയും ചെയ്തു.അതിനിടെ, ലഖ്നൗവില്‍ വെടിവെപ്പില്‍ ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു.

പ്രതിഷേധവുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങളില്‍ ഉള്‍പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചിരുന്നു. കുറ്റക്കാരെന്ന് കണ്ടെത്തുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നും പൊതുമുതല്‍ നശിപ്പിച്ചതിന്റെ നഷ്ടം ഈടാക്കുമെന്നുമാണ് ആദിത്യനാഥ് പറഞ്ഞത്.