സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തില്‍ നിന്ന് പുറത്താക്കിയ നടപടി താല്‍കാലികമായി മരവിപ്പിച്ചു

കല്‍പ്പറ്റ: കത്തോലിക്കാ സഭക്കെതിരേ നിരന്തമായി രംഗത്തുവരികയും ആത്മകഥയിലൂടെ സഭാ നേതൃത്വത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും ചെയ്ത സിസ്റ്റര്‍ ലൂസി കളപ്പുരയെ എഫ്.സി.സി മഠത്തില്‍ നിന്ന് പുറത്താക്കിയ നടപടി താല്‍കാലികമായി മരവിപ്പിച്ചു. ലൂസി കളപ്പുരയെ പുറത്താക്കിയത് തടയണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് മാനന്തവാടി മുന്‍സിഫ് കോടതിയുടെ നടപടി. ജസ്റ്റിസ് ഫോര്‍ ലൂസി എന്ന കൂട്ടായ്മയാണ് സിസ്റ്റര്‍ ലൂസിക്കെതിരെയുള്ള നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

സഭക്കകത്തുള്ള പല കെടുകാര്യസ്ഥതയെക്കുറിച്ചും തുറന്നു പറഞ്ഞതോടെ ഇവര്‍ സഭയുടെ നിയമങ്ങള്‍ക്കനുസരിച്ചുള്ള ജീവിത ശൈലിയല്ല തുടര്‍ന്നുപോരുന്നതെന്നാരോപിച്ചായിരുന്നു അവരെ സന്യാസി സമൂഹം പുറത്താക്കിയത്. ഇതിനെതിരെ ലൂസി വത്തിക്കാനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് കോടതിയില്‍ ഹര്‍ജി നല്‍കാന്‍ ജസ്റ്റിസ് ഫോര്‍ ലൂസി എന്ന കൂട്ടായ്മ തീരുമാനിച്ചത്. കേസ് ജനുവരി ഒന്നിന് കോടതി വീണ്ടും പരിഗണിക്കും.