വാഹനപരിശോധന ചോദ്യം ചെയ്ത ഉദ്യോഗസ്ഥന്റെ പല്ലു കൊഴിച്ച് പോലീസ്

ചേര്‍ത്തല: വാഹന പരിശോധനക്കിടെ പോലീസ് നടപടി ചോദ്യം ചെയ്ത പി.എസ്.സി ഉദ്യോഗസ്ഥന്റെ പല്ല് പോലീസ് അടിച്ചു കൊഴിച്ചുവെന്ന് പരാതി. പോലീസ് നടപടിക്കെതിരേ ആലപ്പുഴ സി.പി.എം ജില്ലാക്കമ്മിറ്റി രംഗത്തെത്തിയതോടെ പോലീസ് പ്രതിരോധത്തിലായി. സംഭവത്തില്‍ ഉത്തരവാദിയായ ഒരു പോലീസ് ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തുകൊണ്ടാണ് ആലപ്പുഴ എസ്.പി പ്രശ്നത്തെ താത്കാലികമായി തണുപ്പിച്ചിരിക്കുന്നത്.

എന്നാല്‍ പ്രശ്നത്തിലിടപ്പെട്ട് കൂടുതല്‍ പേര്‍ രംഗത്തെത്തിയിട്ടുണ്ട്. പി.എസ്.സി ഉദ്യോഗസ്ഥനായ രമേശന്‍ അടുത്ത ദിവസം ഓഫീസിലെത്തിയ ശേഷമാണ് ഡി.ജി.പിക്ക് പരാതി നല്‍കിയത്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. ജോലി കഴിഞ്ഞ് ടൂവീലറില്‍ തിരിച്ചു പോകവേയാണ് പി.എസ്.സി ഉദ്യോഗസ്ഥനായ രമേശ് കമ്മത്തിന് നേരെ പോലീസ് അക്രമമുണ്ടായത്. റോഡിന്റെ വളവില്‍ പരിശോധനയിലായിരുന്നു പോലീസ്.

വളവില്‍ പരിശോധന പാടില്ലെന്ന ഡി.ജി.പിയുടെ സര്‍ക്കുലര്‍ ഇല്ലേയെന്നും ഇത് അപകടകരമല്ലേ എന്നും ചോദിച്ചതാണ് പോലീസ് ഉദ്യോഗസ്ഥരെ പ്രകോപിപ്പിച്ചതെന്നും രമേശന്‍ ആരോപിക്കുന്നു. രമേശന്‍ മദ്യപിച്ചിട്ടുണ്ടോ എന്ന് പോലീസുകാര്‍ ചോദിക്കുകയും ഇല്ലെന്ന് മറുപടി നല്‍കിയിട്ടും ബലമായി സ്റ്റേഷനിലേക്ക് കൊണ്ടുപോയി മര്‍ദിച്ചുവെന്നാണ് ഇയാളുടെ പരാതി. തന്റെ കൈ പിന്നില്‍ കെട്ടിവച്ച് മര്‍ദ്ദിച്ചു.

പോലീസ് സ്റ്റേഷനിലെത്തിയ ശേഷവും മര്‍ദനം  തുടര്‍ന്നുവെന്നും രമേശന്‍ ആരോപിച്ചു. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നു ആലപ്പുഴ എസ്.പി പ്രതികരിച്ചു. രമേശന്റെ പല്ല് വെപ്പ് പല്ലായിരുന്നുവെന്ന് അവകാശപ്പെട്ട എസ്.പി വൈദ്യപരിശോധനയുടെ തെളിവുകള്‍ പോലീസിന്റെ കയ്യിലുണ്ടെന്ന് അവകാശപ്പെട്ടു. പോലീസിനോട് രമേശന്‍ വളരെ മോശമായാണ് പെരുമാറിയതെന്നും എസ്.പി പറയുന്നു.