ജോസ് – ജോസഫ് വിഭാഗങ്ങള്‍ ഏറ്റുമുട്ടിയ ഉപ തെരഞ്ഞെടുപ്പില്‍ രണ്ടില വീണു; ഗോളടിച്ച് ഫുട്ബോള്‍

കോട്ടയം: കേരള കോണ്‍ഗ്രസുകാര്‍ ഹൃദയത്തിലേറ്റിയ രണ്ടിലയെ ഫുട്ബോളുകൊണ്ടു വീഴ്ത്തി ജോസും സംഘവും ജനവിധിയില്‍ മേല്‍കൈ നേടി. കേരള കോണ്‍ഗ്രസ് എമ്മിലെ അധികാരത്തര്‍ക്കത്തിന്റെ പേരില്‍ നിയമ പോരാട്ടങ്ങളിലെ നിരന്തര തോല്‍വികള്‍ക്കിടെ ജോസ് കെ. മാണിപക്ഷം ജോസഫ് വിഭാഗത്തെ വീഴ്ത്തി. ഇരുവിഭാഗവും അഭിമാന പോരാട്ടമായി കണ്ട അകലകുന്നം പഞ്ചായത്തിലെ പൂവത്തിളപ്പ് വാര്‍ഡ് ഉപതെരഞ്ഞെടുപ്പിലാണ് ജോസ് പക്ഷം വിജയം നേടിയത്. ജോസഫ് -ജോസ് വിഭാഗങ്ങള്‍ നേരിട്ടു ഏറ്റുമുട്ടിയ തെരഞ്ഞെടുപ്പില്‍ ജോസ് വിഭാഗത്തിലെ ജോര്‍ജ് തോമസ് മൈലാടി 63 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജോസഫ് വിഭാഗത്തിലെ വിപിന്‍ തോമസ് ആനിക്കലിനെ തോല്‍പ്പിച്ചു.

രണ്ടില നഷ്ടപ്പെട്ട ജോസ് വിഭാഗം ഫുട്ബോള്‍ ചിഹ്നത്തിലാണ് ജനവിധി തേടിയത്. ഇവിടെ മത്സരിച്ച എല്‍.ഡി.എഫ് സ്വതന്ത്രന്‍ ആന്റോച്ചന്‍ മൂങ്ങാമാക്കലിന് കിട്ടിയത് വെറും 29 വോട്ടു മാത്രം. കേരള കോണ്‍ഗ്രസ് വിഭാഗങ്ങളുടെ പരസ്പരം പോരാട്ടത്തെ തുടര്‍ന്ന് പ്രചാരണ രംഗത്ത് ഇരുവിഭാഗത്തോടും അകലം പാലിച്ച കോണ്‍ഗ്രസ് മനസാക്ഷി വോട്ടിനാണ് നിര്‍ദേശം നല്‍കിയിരുന്നത്. കാസര്‍കോടും ജോസ് വിഭാഗം സ്ഥാനാര്‍ഥി ജയിച്ചത് ജോസ് വിഭാഗത്തിന് ആശ്വാസമായി. കേരള കോണ്‍ഗ്രസിലെ അധികാരത്തര്‍ക്കം സംബന്ധിച്ചു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്തിമ തീരുമാനം പ്രഖ്യാപിക്കാനിരിക്കേ തെരഞ്ഞെടുപ്പ് വിജയം ജോസ് പക്ഷത്തിന് കരുത്ത് പകരുന്നതാണ്.

മാണിയുടെ രണ്ടിലയെ മകനും കൂട്ടരും ഫുട്ബോള്‍ ഉപയോഗിച്ചു തോല്‍പ്പിച്ചുവെന്നതും പുതിയ രാഷ്ട്രീയ ചരിത്രമായി. ഇതിനിടെ ജോസ് പക്ഷത്തിന്റെ വിജയം സി.പി.എമ്മിനെയും എല്‍.ഡി.എഫിനെയും കൂട്ടുപിടിച്ചാണെന്ന ആരോപണവുമായി ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ രംഗത്തെത്തി. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് അകലകുന്നം പൂവത്തിളപ്പ് വാര്‍ഡില്‍ നൂറിലേറെ വോട്ടുകള്‍ നേടിയിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിലെ വി.എന്‍ വാസവന് 200 വോട്ടും ലഭിച്ചു. എന്നാല്‍, ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് 29 വോട്ടില്‍ ഒതുങ്ങിയത് വോട്ടുകച്ചവടത്തിന്റെ തെളിവായി ജോസഫ് വിഭാഗം ചൂണ്ടിക്കാട്ടുന്നു.

ആരോപണം യു.ഡി.എഫിലും ഇടതുമുന്നണിയിലും പുതിയ  വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. ജോസ് പക്ഷം എല്‍.ഡി.എഫുമായി പുതിയ രാഷ്ട്രീയ ബന്ധത്തിന് തുടക്കമിട്ടതായ സൂചനയും അകലക്കുന്നത്തെ വിജയത്തിലൂടെ പുറത്തു വരുന്നുണ്ട്. രണ്ടില ചിഹ്നം നിഷേധിച്ചിട്ടും യഥാര്‍ഥ ജനാധിപത്യ വിശ്വാസികള്‍ ആര്‍ക്കൊപ്പമാണെന്ന് കാസര്‍കോടിലേയും, അകലക്കുന്നത്തെയും തെരെഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിച്ചെന്നാണ് ജോസ് വിഭാഗത്തിന്റെ അവകാശവാദം.

ഇനിയെങ്കിലും കേരളാ കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും ദുര്‍ബലപ്പെടുത്തുന്ന നീക്കങ്ങളില്‍ നിന്നും പി.ജെ ജോസഫും കൂട്ടരും പിന്മാറണമെന്നു ജോസ് വിഭാഗം കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി റോഷി അഗസ്റ്റിന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. നിയമസഭ തെരഞ്ഞെടുപ്പിലെ 15 സീറ്റുകളെ ചൊല്ലി ജോസഫ് – ജോസ് പക്ഷം കാലേക്കൂട്ടി തന്നെ തമ്മിലടി തുടങ്ങിയിട്ടുണ്ട്. വരാനിരിക്കുന്ന തദ്ധേശ സ്വയംഭരണ തെരഞ്ഞെടുപ്പും തമ്മിലടിയുടെ വേദിയാകും. ഉപതെരഞ്ഞെടുപ്പില്‍ കരുതലോടെയായിരുന്നു കോണ്‍ഗ്രസിന്റെ നീക്കം. പുതിയ സാഹചര്യത്തില്‍ കോണ്‍ഗ്രസ്, യു.ഡി.എഫ് നേതൃത്വത്തിന്റെ നിലപാടുകള്‍ നിര്‍ണായകമാകും.