വള്ളത്തില്‍ കപ്പലിടിച്ച് ആറ് മത്സ്യബന്ധന തൊഴിലാളിള്‍ക്ക് പരിക്കേറ്റു

തിരുവനന്തപുരം: പൂന്തുറക്ക് സമീപം മത്സ്യബന്ധനത്തിന് പോയവര്‍ സഞ്ചരിച്ച വള്ളത്തില്‍ കപ്പലിടിച്ച് ആറ് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. പൂന്തുറ സ്വദേശികളായ ജയിംസ്(56), സഹായം(48), റെയ്മണ്ട്(42), സഹായ രാജു(52), സുബിന്‍(38), രഞ്ജു(27) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂന്തുറയില്‍ നിന്നും 16 കിലോമീറ്ററോളം അകലെ ഉള്‍ക്കടലിലാണ സംഭവം.

ഇവര്‍ സഞ്ചരിച്ച വള്ളത്തില്‍ കപ്പല്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വള്ളം രണ്ടായി മുറിഞ്ഞെന്ന് തൊഴിലാളികള്‍ പറഞ്ഞു. കപ്പല്‍ നിര്‍ത്താതെ കടന്നുകളഞ്ഞു. മത്സ്യബന്ധനം നടത്തിക്കൊണ്ടിരിക്കുകയായിരുന്ന മറ്റൊരു വളളത്തിലെ തൊഴിലാളികളാണ് ഇവരെ രക്ഷിച്ചത്. പരിക്കേറ്റവരുടെ ശരീരത്തില്‍ ചതവുകളുണ്ട്.