ജാമിയ മിലിയയില്‍ വെടിവെപ്പ്; പരിക്കേറ്റ വിദ്യാര്‍ത്ഥിയുടെ ആശുപത്രി രേഖ പുറത്ത്

ഡല്‍ഹി: പൗരത്വ ഭേദഗതിക്കെതിരെ ഡല്‍ഹിയില്‍ സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്കു നേരെ പോലീസ് വെടിവെച്ചതായുള്ള സംശയം ബലപ്പെടുന്നു. പരിക്കുകളോടെ ഡല്‍ഹിയിലെ
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ ചികിത്സാ രേഖകള്‍ പുറത്തുവന്നു. ചികിത്സയില്‍ കഴിയുന്ന മുഹമ്മദ് തമീമിന്റെ കാലിലുള്ള പരിക്ക് വെടിയേറ്റാണെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ട്. അതേസമയം, വെടിവെച്ചിട്ടില്ലെന്നും ടിയര്‍ ഗ്യാസ് ഷെല്‍ കൊണ്ടുള്ള പരിക്കാണെന്നുമാണ് പോലീസ് നിലപാട്.

മുഹമ്മദ് തമീമിന്റെ ഇടത്തെ കാലില്‍ വെടിയേറ്റതിന്റെ പരിക്കുകളാണ് ഉള്ളതെന്നാണ് വിദ്യാര്‍ത്ഥിയുടെ ഡിസ്ചാര്‍ജ് റിപ്പോര്‍ട്ടില്‍ ഉള്ളത്. കാലില്‍നിന്ന് ഒരു ‘അന്യവസ്തു’ നീക്കം ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പരിക്കേറ്റ മുഹമ്മദ് തമീമിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മറ്റു രണ്ടു വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ടെന്നും ഇവരുടെ നില ഗുരുതരമല്ലെന്നുമാണ് സൂചന.

ക്യാമ്പസിനകത്ത് പ്രവേശിച്ച് പോലീസ് വിദ്യാര്‍ത്ഥികള്‍ക്കു നേരെ വെടിവെച്ചതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. സര്‍വകലാശാല കാമ്പസിനുള്ളില്‍ പ്രവേശിച്ച പോലീസ് ലൈബ്രറി, മെസ്സ് ഹാള്‍, ഹോസ്റ്റല്‍ തുടങ്ങിയ ഇടങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കു നേരെ ടിയര്‍ ഗ്യാസ് പ്രയോഗിക്കുകയും മര്‍ദിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് വെടിവെപ്പുണ്ടായതെന്ന് ചില വിദ്യാര്‍ത്ഥികള്‍  ആരോപിച്ചു. എന്നാല്‍ ഇതിന് കൃത്യമായ സ്ഥിരീകരണം ഉണ്ടായിരുന്നില്ല. ചൊവ്വാഴ്ച പുറത്തുവന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിലാണ് ഇത് ശരിയാണെന്ന് സൂചിപ്പിക്കുന്ന വിവരങ്ങളുള്ളത്.