ഹര്‍ത്താല്‍ പുരോഗമിക്കുന്നു; വ്യാപക അറസ്റ്റ്, നിരവധി പേര്‍ കരുതല്‍ തടങ്കലില്‍

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്ക് എതിരെ സംസ്ഥാനത്ത് വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടരുന്നു, വൈകീട്ട് ആറു മണിവരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താല്‍ അനുകൂലികള്‍ പലയിടങ്ങളിലും ബസുകള്‍ തടയുകയും ചിലയിടങ്ങളില്‍ ബസുകള്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തു. കടകള്‍ അടപ്പിക്കാനും വാഹനങ്ങള്‍ തടയാനും ശ്രമിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പല ജില്ലകളിലും സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നില്ല.

മുന്‍കരുതലിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പേരെ കരുതല്‍ തടങ്കലിലാക്കി. ഇടുക്കിയില്‍ പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതിയെ അറസ്റ്റ് ചെയ്തു. കണ്ണൂരില്‍ 60 ലധികം സമരസമിതി പ്രവര്‍ത്തകരും ഇടുക്കിയില്‍ 30 പ്രവര്‍ത്തകരും കരുതല്‍ തടങ്കലിലുണ്ട്. പാലക്കാടും കോഴിക്കോടും സമരസമിതി പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തി വീശി. പാലക്കാട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ ബസുകള്‍ തടയാനെത്തിയ വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരെയാണ് പോലീസ് ലാത്തി വീശിയത്.

കോഴിക്കോടും ആലുവയിലും വാളയാറും കെ.എസ്.ആര്‍.ടി.സി ബസിന് നേരെ കല്ലേറുണ്ടായി. വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ, ബി.എസ്.പി,ഡി.എച്ച്.ആര്‍.എം തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് ഹര്‍ത്താല്‍. ശബരിമല തീര്‍ത്ഥാടകരെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്‌കൂള്‍ രണ്ടാം പാദ വാര്‍ഷിക പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. എന്നാല്‍ സ്വാശ്രയ സ്‌കൂളുകളില്‍ ഇന്ന് നടക്കാനിരുന്ന പരീക്ഷകള്‍ മാറ്റി. ഹര്‍ത്താലിനെ തുടര്‍ന്ന് കേരള സര്‍വകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചിട്ടുണ്ട്.