‘ ചര്‍ച്ച ചെയ്യാം’; പൗരത്വ നിയമത്തില്‍ മാറ്റം വരുത്താമെന്ന് സൂചന നല്‍കി അമിത് ഷാ

റാഞ്ചി: രാജ്യം മുഴുവന്‍ പ്രതിഷേധത്തീ പടരുന്നതിനിടെ പൗരത്വ നിയമത്തില്‍ മാറ്റം വരുത്താന്‍ തയ്യാറാണെന്ന സൂചന നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പൗരത്വ നിയമത്തെ കുറിച്ച് ചര്‍ച്ച ചെയ്യാമെന്ന് റാഞ്ചിയിലെ പൊതുയോഗത്തില്‍ സംസാരിക്കുന്നതിനിടെ അദ്ദേഹം ഉറപ്പു നല്‍കി. പൗരത്വ നിയമം നടപ്പിലാക്കിയ ശേഷം അമിത് ഷാ ആദ്യമായി പങ്കെടുത്തzപൊതുപരിപാടിയായിരുന്നു ഇത്. അസമിലേയും മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേയും സംസ്‌ക്കാരം, ഭാഷ, സ്വത്വം, രാഷ്ട്രീയ അവകാശങ്ങള്‍ തുടങ്ങിയ സംരക്ഷിക്കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി. ഈ നിയമം അതിനെയൊന്നും ബാധിക്കില്ലെന്നും അമിത് ഷാ ആവര്‍ത്തിച്ചു.

‘കോണ്‍റാഡ് സാംഗ്മയും (മേഘാലയ മുഖ്യമന്ത്രി) മന്ത്രിമാരും എന്നെ വെള്ളിയാഴ്ച വന്ന് കണ്ടിരുന്നു. അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ എന്നോട് പറഞ്ഞു. പ്രശ്നങ്ങളൊന്നുമില്ലെന്ന് അവരെ ബോധ്യപ്പെടുത്താന്‍ ഞാന്‍ ശ്രമിച്ചു. എന്നിട്ടും നിയമത്തില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ അവര്‍ നിര്‍ബന്ധിച്ചു. ക്രിസ്തുമസിന് ശേഷം എന്നെ വന്ന് കാണാന്‍ അവരോട് പറഞ്ഞിട്ടുണ്ട്. മേഘാലയക്കായി നിര്‍മാണാത്മകമായ ഒരു പരിഹാരം കണ്ടെത്തു.

ആരം ഒന്നും ഭയപ്പെടേണ്ടതില്ല’- അമിത് ഷാ പറഞ്ഞു. രാജ്യത്ത് ആളിപ്പടരുന്ന പ്രതിഷേധങ്ങള്‍ക്കു പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് ആഭ്യന്തര മന്ത്രി കുറ്റപ്പെടുത്തി. അതേസമയം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിയമത്തിനെതിരായ പ്രതിഷേധം കനക്കുകയാണ്. അസമിന്റെ ചരിത്രത്തില്‍ ഇന്നേവരെ കാണാത്തത്ര ശക്തമായ പ്രതിഷേധത്തിനാണു കഴിഞ്ഞ കുറച്ചുദിവസങ്ങള്‍ സാക്ഷ്യം വഹിച്ചത്. മൂന്ന് റെയില്‍വേ സ്റ്റേഷനുകള്‍, പോസ്റ്റ് ഓഫീസ്, ബസ് ടെര്‍മിനല്‍ എന്നിവ പ്രതിഷേധക്കാര്‍ തീവെച്ചു നശിപ്പിച്ചു. അതിനിടെ പോലീസ് നടത്തിയ വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും ചെയ്തു.

സമരത്തില്‍ പങ്കുചേരാനായി മുംബൈ മറൈന്‍ ഡ്രൈവിലെത്തിയ മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥനെ കസ്റ്റഡിയിലെടുത്തതു സ്ഥിതി വഷളാക്കിയിരുന്നു.ജാമിയ മില്ലിയ ഇസ്ലാമിയ കേന്ദ്ര സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. സംഘര്‍ഷത്തില്‍ പോലീസ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിച്ചു. ക്യാാമ്പസിനകത്തേക്കാണ് പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചത്. ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ബംഗാളില്‍ വെള്ളിയാഴ്ച ട്രെയിനുകള്‍ക്ക് തീയിട്ടിയിരുന്നു.