‘നിങ്ങളീ രാജ്യത്തെ സ്നേഹിക്കുന്നുണ്ടെങ്കില്‍, ഈ നിയമത്തിനെതിരെ ശബ്ദമുയര്‍ത്തൂ’; പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രിയങ്കാ ഗാന്ധി

ഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. നിയമത്തിനെതിരെ ജനങ്ങള്‍ ശബ്ദമുയര്‍ത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഡല്‍ഹി രാംലീല മൈതാനിയില്‍ കോണ്‍ഗ്രസ് മഹാറാലിയില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്കാ ഗാന്ധി. ‘ഈ നിയമം നമ്മുടെ രാജ്യത്തെ വിഭജിക്കാന്‍ കാരണമാവും. നമ്മളിപ്പോള്‍ ശബ്ദിച്ചില്ലെങ്കില്‍ ഈ രാജ്യം വീണ്ടും വിഭജിക്കപ്പെടും.

നിങ്ങളീ രാജ്യത്തെ സ്നേഹിക്കുന്നുണ്ടെങ്കില്‍ ഇതിനെതിരെ ശബ്ദമുയര്‍ത്തണം’- പ്രിയങ്കാ ഗാന്ധി പറഞ്ഞു. ഭരണഘടനാ വിരുദ്ധമായ നിയമങ്ങളാണ് പാസാക്കുന്നതെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. ‘എല്ലാം മോദിക്കൊപ്പം സാധിക്കും’ എന്ന മുദ്രാവാക്യത്തെയും പ്രിയങ്ക പരിഹസിച്ചു. ‘മാധ്യമങ്ങളിലാവട്ടേ ബസ് സ്റ്റോപ്പുകളിലാവട്ടേ… എല്ലാം മോദിക്കൊപ്പം സാധിക്കും എന്ന മുദ്രാവാക്യം കാണാം.

പക്ഷെ, യാഥാര്‍ഥ്യമെന്നത് ഉള്ളി വില്‍ക്കുന്നത് 100 രൂപയ്ക്കാണ്, തൊഴിലില്ലായ്മ 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്, സമ്പദ്വ്യവസ്ഥ തകര്‍ന്നു, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് വില്‍ക്കപ്പെടുന്നു, ഇന്ത്യന്‍ റെയില്‍വ്വേ സ്വകാര്യവത്ക്കരിക്കുന്നു, കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു. ഇതെല്ലാം മോദിയുടെ സര്‍ക്കാരിന് മാത്രമേ കഴിയുകയുള്ളൂ’- പ്രിയങ്ക പരിഹസിച്ചു.