മാപ്പു പറയാന്‍ ഞാന്‍ ‘രാഹുല്‍ സവര്‍ക്കര്‍’ അല്ല, രാഹുല്‍ ഗാന്ധിയാണ്; ബി.ജെ.പിയ്ക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

ഡല്‍ഹി: റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ മാപ്പു പറയാന്‍ തയ്യാറല്ലെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മാപ്പു പറയാന്‍ എന്റെ പേര് രാഹുല്‍ സവര്‍ക്കര്‍ എന്നല്ല രാഹുല്‍ ഗാന്ധി എന്നാണെന്ന് അദ്ദേഹം പറഞ്ഞു. രാംലീല മൈതാനിയില്‍ പൗരത്വ നിയമത്തിനെതിരെ കോണ്‍ഗ്രസ് സംഘടിപ്പിച്ച ഭാരത് ബച്ചാവോ റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. സത്യം പറഞ്ഞതിന്റെ പേരില്‍ ഞാന്‍ ഒരിക്കലും മാപ്പു പറയില്ല. ഒരു കോണ്‍ഗ്രസുകാരനും അത്തരത്തില്‍ ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചതിന് നരേന്ദ്രമോദിയും അദ്ദേഹത്തിന്റെ അസിസ്റ്ററ്റ് അമിത് ഷായുമാണ് രാജ്യത്തോട് മാപ്പു പറയേണ്ടത്. നരേന്ദ്രമോദി അധികാരത്തില്‍ വന്നു 500,1000 രൂപ നോട്ടുകള്‍ നിരോധിച്ചു. കള്ളപ്പണം ഇല്ലാതാക്കുന്നതിനാണെന്ന് പറഞ്ഞ് മോദിജി നിങ്ങളെ വിഢികളാക്കി. എന്നിട്ട് എന്തുണ്ടായി? ഇനിയും രാജ്യം അതില്‍ നിന്നും മുക്തമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന് 9% വളര്‍ച്ചയുണ്ടായിരുന്ന സമയമുണ്ടായിരുന്നു.

രാജ്യത്തിന്റെ വളര്‍ച്ചയെ കുറിച്ചായിരുന്നു അന്ന് ആളുകള്‍ സംസാരിച്ചിരുന്നത്. ആളുകള്‍ ചൈനയുടെയും ഇന്ത്യയുടെയും വിജയഗാഥയെക്കുറിച്ച് സംസാരിച്ചു ‘ചൈനിന്ത്യ’ എന്ന് വിളിച്ചു എന്നാല്‍ ഇന്ന് ആളുകളെ നോക്കൂ. അവര്‍ ഉള്ളിയും കൈയ്യില്‍ പിടിച്ച് നില്‍ക്കുകയാണ്. ഉള്ളിവില 200 ല്‍ എത്തിയിരിക്കുന്നു- രാഹുല്‍ പറഞ്ഞു.