ഹൈക്കോടതി പരാമര്‍ശത്തിനെതിരേ വാളെടുത്ത്; കുറ്റം ചെയ്തവര്‍ക്കെതിരേ തിരിയണമെന്ന് ഹൈക്കോടതിയോട് മന്ത്രി ജി. സുധാകരന്‍

ആലപ്പുഴ: റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച ഹൈക്കോടതിക്കെതിരേ പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. മൂക്കില്‍ വിരല്‍ വച്ചിട്ട് കാര്യം ഇല്ല, കേരളത്തിലാണ് ജീവിക്കുന്നത് എന്നോര്‍ക്കണമെന്നും മന്ത്രി തുറന്നടിച്ചു. കുറ്റം ചെയ്തവര്‍ക്ക് എതിരെ തിരിയണം. അല്ലാതെ പൊതുവേ പറയരുത്. ആരിലും വിശ്വാസം ഇല്ലെങ്കില്‍ പിന്നെ ജീവിച്ചിരുന്നിട്ടു കാര്യമില്ലെന്നും ജി സുധാകരന്‍ പറഞ്ഞു.

പാലാരിവട്ടത്ത് മരിച്ച യുവാവിന്റെ കുടുംബത്തോട് മാപ്പ് പറഞ്ഞും ഉദ്യോഗസ്ഥരില്‍ വിശ്വാസമില്ലെന്നുമായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. ഇതാണ് സുധാകരനെ ചൊടിപ്പിച്ചത്. കൊച്ചി നഗരത്തിലെ കുഴി അടക്കാന്‍ മാത്രം കൊടുത്തത് ഏഴ് കോടി രൂപയാണ്. ഒക്ടോബറില്‍ പണം കൈമാറിയതാണ്. മരണം സംഭവിച്ചതില്‍ പൊതുമരാമത്ത് വകുപ്പിന് ഉത്തരവാദിത്തം ഉണ്ടെന്നും ജി. സുധാകരന്‍ പറഞ്ഞു.

കോടതികളില്‍ കേസുകള്‍ കെട്ടി കിടപ്പില്ലേ. അത് ജഡ്ജിമാരുടെ കുറ്റം കൊണ്ടാണോ ? അല്ലല്ലോ. സ്റ്റാഫും ജഡ്ജിമാരും കുറവുള്ളതാണ് പ്രശ്നം. സര്‍ക്കാര്‍ വന്നശേഷം 700കോടി രൂപയാണ് കോടതി കെട്ടിടങ്ങള്‍ക്ക് നല്‍കിയത്. കുഴി അടയ്ക്കാനുള്ള ഉത്തരവാദിത്വം എല്ലാവര്‍ക്കുമുണ്ട്. ‘ഹൈക്കോടതി ജഡ്ജിയെ ഞാന്‍ ആലപ്പുഴയിലേക്ക് ക്ഷണിക്കുന്നു. ഇവിടെ റോഡില്‍ കുണ്ടും കുഴിയും ഉണ്ടോ എന്ന് നോക്കണം. ചിലയിടത്ത് കുഴികളുണ്ട്. അതില്‍ നടപടി സ്വീകരിച്ച് വരികയാണ്.