പ്രതിഷേധം അഞ്ചാം ദിവസത്തിലേക്ക്; ‘ഭാരത് ബച്ചാവോ’ മെഗാ റാലി ഇന്ന്

ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ പ്രതിഷേധം തുടര്‍ച്ചയായ അഞ്ചാം ദിവസത്തിലേക്ക് കടന്നു. കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസിന്റെ ഭാരത് ബച്ചാവോ മെഗാ റാലി ഇന്ന് രാവിലെ പത്തരയ്ക്ക് രാംലീല മൈതാനത്ത്
നടക്കും. സോണിയാ ഗാന്ധി, മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, രാഹുല്‍ ഗാന്ധി, എ.കെ ആന്റണി, പ്രിയങ്കാ ഗാന്ധി എന്നിങ്ങനെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നേതാക്കള്‍ പങ്കെടുക്കും.

കഴിഞ്ഞ ദിവസം അസമിലും ത്രിപുരയിലുമായിരുന്നു കനത്ത പ്രതിഷേധങ്ങള്‍ നടന്നിരുന്നതെങ്കില്‍, ഇന്നലെ മേഘാലയയിലെ ഷില്ലോങ്ങിലും പശ്ചിമബംഗാളിലെ കൊല്‍ക്കത്തയിലും ജാര്‍ഖണ്ഡിലെ റാഞ്ചിയിലും രാജ്യതലസ്ഥാനമായ ഡല്‍ഹിയിലുമൊക്കെ ജനം പ്രതിഷേധവുമായി തെരുവിലിറങ്ങി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ കലുഷിത സാഹചര്യം കണക്കിലെടുത്ത് നാളെ അസം, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്നത് ഇന്നലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ റദ്ദാക്കിയിരുന്നു.

ബംഗ്ലാദേശ് മന്ത്രിമാര്‍ ഇന്ത്യന്‍ സന്ദര്‍ശനം റദ്ദാക്കിയതിനു പിന്നാലെ, അടുത്തയാഴ്ച ഗുവാഹത്തിയില്‍ നടത്താനിരുന്ന ഇന്ത്യ ജപ്പാന്‍ യോഗവും നീട്ടിവച്ചിട്ടുണ്ട്. ജപ്പാന്‍ പ്രധാനമന്ത്രിയടക്കം പങ്കെടുക്കാനിരുന്ന ഈ ചടങ്ങും കനത്ത പ്രതിഷേധങ്ങളെ തുടര്‍ന്നാണ് നീട്ടിവയ്ക്കേണ്ടിവന്നിരിക്കുന്നത്.