മേളയിലെ ചിത്രങ്ങള്‍; തെരെഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമെന്ന് അക്കാദമി

തിരുവനന്തപുരം: വാണിജ്യ ചിത്രങ്ങള്‍ക്ക് മേളയില്‍ പ്രവേശനം നല്‍കരുതെന്ന് ഓപ്പണ്‍ ഫോറത്തില്‍ അഭിപ്രായമുയര്‍ന്നു. എന്നാല്‍ മേളയിലെ ചിത്രങ്ങളുടെ തെരെഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമായാണ്. ഇക്കാര്യത്തില്‍ അക്കാദമിയുടെ ഇടപെടല്‍ ഉണ്ടാകാറില്ലെന്ന് ചെയര്‍മാന്‍ കമല്‍ പറഞ്ഞു. മേളയിലേക്കുള്ള തെരെഞ്ഞെടുപ്പില്‍ നവാഗത സംവിധായകരുടെ ചിത്രങ്ങള്‍ക്ക് പരിഗണന നല്‍കാറുണ്ട്. സിനിമയിലെ മാറ്റങ്ങള്‍ അറിയാനും വിലയിരുത്താനും കൂടിയാണ് പ്രേക്ഷകര്‍ മേളയില്‍ എത്തുന്നതെന്നും അക്കാദമി ചെയര്‍മാന്‍ കമല്‍ പറഞ്ഞു.

നല്ല കാഴ്ചകള്‍ക്ക് ജനാധിപത്യപരമായ വേദിയൊരുക്കുകയാണ് മേളകളുടെ ലക്ഷ്യമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. മലയാള സിനിമകള്‍ക്ക് അന്താരാഷ്ട്ര മേളകളില്‍ കൂടുതല്‍ ഇടം കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അക്കാഡമി സെക്രട്ടറി മഹേഷ് പഞ്ചു,വൈസ് ചെയര്‍ പേഴ്സണ്‍ ബീന പോള്‍ ,സംവിധായകന്‍ രാജീവ് മേനോന്‍, നിരൂപകന്‍ വി.കെ ജോസഫ്, രാജീവ് കുമാര്‍, പ്രദീപ് ചൊക്ളി,ചെറിയാന്‍ ജോസഫ് എന്നിവര്‍ പങ്കെടുത്തു.