ബ്രിട്ടന്‍ തൂത്തു വാരി കണ്‍സര്‍വേറ്റിവ് പാര്‍ട്ടി; കോര്‍ബന്‍ രാജിക്കൊരുങ്ങുന്നു

ലണ്ടന്‍: ബ്രിട്ടനിലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ ജെറമി കോര്‍ബിന്റെ ലേബര്‍ പാര്‍ട്ടിക്കു കനത്ത തിരിച്ചടി. ആദ്യ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ലേബര്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളിലടക്കം ബോറിസ് ജോണ്‍സന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ലീഡ് ചെയ്യുകയാണ്. സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയാണു മൂന്നാം സ്ഥാനത്ത്. ആകെയുള്ള 650 സീറ്റുകളില്‍ 326 എണ്ണമാണു കേവല ഭൂരിപക്ഷത്തിനു വേണ്ടത്. ഫലസൂചനയില്‍ നിരാശയുണ്ടെന്നും ലേബര്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനമൊഴിയുമെന്നും കോര്‍ബിന്‍ ഇതിനോടകം വ്യക്തമാക്കിക്കഴിഞ്ഞു.

എക്സിറ്റ് പോള്‍ ഫലങ്ങളും ബോറിസ് ജോണ്‍സന് അനുകൂലമായിരുന്നു. 650 അംഗ പാര്‍ലമെന്റിലെ 368 സീറ്റുകള്‍ ബോറിസിന്റെ പാര്‍ട്ടി നേടുമെന്നാണ് ബി.ബി.സി, സ്‌കൈ ന്യൂസ്, ഐ.ടി.വി എന്നിവര്‍ പ്രവചിച്ചത്. 6 സീറ്റിന്റെ ഭൂരിപക്ഷം അവര്‍ക്കു ലഭിക്കുമെന്നും ലേബര്‍ പാര്‍ട്ടി 200 സീറ്റില്‍ താഴെയായി ഒതുങ്ങുമെന്നുമാണ് അവര്‍ പ്രവചിച്ചത്. കഴിഞ്ഞ അഞ്ചു തെരഞ്ഞെടുപ്പുകളില്‍ ഒരു എക്സിറ്റ് പോള്‍ ഫലം മാത്രമാണു തെറ്റിയത്.

ഉടമ്പടിയില്ലാതെ ബ്രക്സിറ്റ് നടപ്പാക്കുമെന്നായിരുന്നു ബോറിസിന്റെ വാഗ്ദാനം. 2016ല്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നു വിട്ടുപോകാന്‍ ഹിത പരിശോധനയിലൂടെ തീരുമാനമെടുത്ത ശേഷം നടക്കുന്ന മൂന്നാം തെരഞ്ഞെടുപ്പാണിത്. വ്യാഴാഴ്ചയാണ് ബ്രിട്ടീഷ് ജനത വോട്ട് രേഖപ്പെടുത്തിയത്. രാവിലെ ഏഴിന് തുടങ്ങിയ പോളിങ് രാത്രി പത്തുമണിവരെ നീണ്ടു. ‘തലമുറയിലെ ഏറ്റവും പ്രധാനപ്പെട്ട വിധിയെഴുത്ത്’ എന്നാണു തെരഞ്ഞെടുപ്പിനെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. ബോറിസിനും കോര്‍ബിനും പുറമേ ലിബറല്‍ ഡെമോക്രാറ്റ് നേതാവ് ജോ സ്വിന്‍സണാണു പ്രധാനമന്ത്രി സ്ഥാനത്തിനു വേണ്ടി പോരാടുന്നത്.