യുവാവിന്റെ മരണം, മജിസ്റ്റീരിയല്‍ അന്വേഷണം ഇന്ന് ആരംഭിക്കും

കൊച്ചി: പാലാരിവട്ടത്ത് യുവാവിന്റെ മരണത്തിനിടയാക്കിയ സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം ഇന്ന് ആരംഭിക്കും. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് കെ. ചന്ദ്രശേഖരന്‍ നായര്‍ ഇന്ന് മരിച്ച യദുലാലിന്റെ വീട് സന്ദര്‍ശിച്ച് കുടുംബാംഗങ്ങളില്‍ നിന്നു മൊഴിയെടുക്കും. ഇതിനുശേഷം അപകടസ്ഥലവും സന്ദര്‍ശിക്കും. എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാനാണ് തീരുമാനം. ജില്ലാ കലക്ടര്‍ ഇന്നലെ തന്നെ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

വാട്ടര്‍ അതോറിറ്റിയും പി.ഡബ്ല്യു.ഡിയും പരസ്പരം പഴിചാരി രംഗത്തുവന്നതോടെയാണ് അന്വേഷണത്തിന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടത്. സംഭവത്തില്‍ വകുപ്പുകളുടെ ഏകോപനമില്ലായ്മയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. അപകടത്തിന് ഉത്തരവാദിത്തം പി.ഡബ്ല്യു.ഡിക്കാണെന്നാണ് ജല അതോറിറ്റി പറയുന്നത്. അല്ലെന്നു പി.ഡബ്ല്യു.ഡിയും വാദിക്കുന്നു. പൈപ്പിലെ ചോര്‍ച്ച മാറ്റാനുള്ള അറ്റകുറ്റപ്പണിക്കായി സെപ്റ്റംബര്‍ 18ന് പി.ഡബ്ല്യു.ഡിയില്‍ അപേക്ഷ നല്‍കിയെന്ന് ജല അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ മുഹമ്മദ് ഷഹി പറഞ്ഞു.

അതേ സമയം അപകടത്തിനു കാരണമായ കുഴി ഇന്നലെ രാത്രി തന്നെ അടച്ചു. സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ അലംഭാവത്തിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നതോടെയാണ് അടിയന്തരമായി റോഡ് നന്നാക്കാന്‍ തീരുമാനിച്ചത്. ജല അതോറിറ്റി അസി.എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ
നേതൃത്വത്തിലുള്ള സംഘമാണ് രാത്രി പതിനൊന്ന് മണിയോടെ ജോലി തുടങ്ങിയത്. പത്ത് മണിക്ക് ജോലി ആരംഭിക്കുമെന്നാണ് നേരത്തെ അറിയിച്ചിരന്നത്.

എന്നാല്‍ എട്ട് മണിയോടെ നാട്ടുകാരും ബി.ജെ.പി പ്രവര്‍ത്തകരും പ്രതിഷേധം തുടങ്ങുകയും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാതെ പണി തുടങ്ങാന്‍ അനുവദിക്കില്ലെന്നും നിലപാട് സ്വീകരിച്ചു. പോലീസെത്തി പിന്‍മാറാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ ആവശ്യം നിരസിക്കുകയായിരുന്നു. പിന്നീട് രാത്രി പതിനൊന്നുമണിയോടെയാണ് പ്രവൃത്തി തുടങ്ങിയത്.