റോഡിലെ കുഴിയില്‍ വീണ് യുവാവിന് ദാരുണാന്ത്യം

കൊച്ചി: റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപം പൈപ്പ് പൊട്ടി റോഡിലുണ്ടായ കുഴിയില്‍ വീണാണ് യുവാവ് മരിച്ചത്. റോഡിലേക്ക് തെറിച്ചുവീണ യുവാവിന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. കുനമ്മാവ് സ്വദേശി യദുലാല്‍(23)ആണ് മരിച്ചത്.  ഇന്ന് രാവിലെയായിരുന്നു അപകടം നടന്നത്. പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപത്താണ് ഒരടി താഴ്ചയുള്ള കുഴിയുള്ളത്.

കുഴിയുടെ സമീപത്തുവച്ചിരുന്ന അശാസ്ത്രീയമായ ബോര്‍ഡാണ് അപകടത്തിന് ഇടയാക്കിയത്. കുഴിയുടെ സമീപം എത്തുമ്പോള്‍ മാത്രമാണ് ഇരുചക്ര വാഹനക്കാര്‍ക്ക് കുഴി കാണാന്‍ സാധിക്കുകയുള്ളൂ. കുഴി കണ്ടയുടനെ വെട്ടിക്കുന്നതിനിടെ ബൈക്കിന്റെ നിയന്ത്രണം വിട്ട് യദുലാല്‍ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. പിന്നാലെ വന്ന ലോറി യുവാവിന്റെ ദേഹത്ത് കയറുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.