കുഴിയില്‍ വീണ യുവാവ് ടാങ്കര്‍ ലോറി കയറി മരിച്ച സംഭവം; പ്രതിഷേധം ശക്തം

കൊച്ചി: റോഡിലെ കുഴിയില്‍ വീണ് യുവാവിന്റെ് ദാരുണാന്ത്യത്തില്‍ അധികൃതര്‍ക്കെതിരേ പ്രതിഷേധം ശക്തമാകുമ്പോള്‍ ജലവിഭവ മന്ത്രി റിപ്പോര്‍ട്ടുതേടി. ഇറിഗേഷന്‍ ഓഫീസറെ
സംഭവത്തെക്കുറിച്ച് അന്വേഷിക്കുവാനും മന്ത്രി ചുമതലപ്പെടുത്തിയിട്ടുണ്ട്. പൊതുമരാമത്ത്
വകുപ്പിനെ പഴിചാരുകയാണ് ജലവിഭവ വകുപ്പ്. അതേ സമയം സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസും ബി.ജെ.പിയും റോഡ് ഉപരോധിക്കുകയും ചെയ്തു.

കടവന്ത്ര സോഫ്റ്റന്‍ ടെക്നോളജീസ് ജീവനക്കാരനും ചെറിയപ്പിള്ളി മഡോണ ടൈലേഴ്സ് ഉടമയുമായ കൂനമ്മാവ് കാച്ചാനിക്കോടത്ത് ലാലന്റെ മൂത്തമകന്‍ കെ.എല്‍.യദുലാല്‍ (23) ആണ് മരിച്ചത്. പാലാരിവട്ടം മെട്രോ സ്റ്റേഷനരികിലെ കുഴിയുടെ മുന്നില്‍ വച്ച വലിയ ബോര്‍ഡില്‍ ഹാന്‍ഡില്‍ ബാര്‍ തട്ടി വീണ ബൈക്ക് യാത്രികനാണ് പിന്നാലെ വന്ന ടാങ്കര്‍ ലോറി കയറി മരിച്ചത്. ഇന്നു രാവിലെയാണ് അപകടം. മൂന്നാഴ്ചയായി മൂടാതെ കിടക്കുകയായിരുന്നു ഈ കുഴി. പരിക്കേറ്റ യദുവിനെ പിന്നാലെ വന്ന കാറില്‍ പാലാരിവട്ടം റിനായ് മെഡിസിറ്റിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മെട്രോ സ്റ്റേഷന് മുന്നിലെ പൊട്ടിപ്പൊളിഞ്ഞു കിടന്ന ഭാഗം കഴിഞ്ഞയാഴ്ച ടാര്‍ ചെയ്തപ്പോഴും ഈ കുഴി മൂടിയില്ല. കെ.എം.ആര്‍.എല്‍ ഫുട്പാത്ത് നിര്‍മിക്കാനുപയോഗിക്കുന്ന വലിയ മൂന്ന് കോണ്‍ക്രീറ്റ് കട്ടകള്‍ അപകടകരമായ രീതിയില്‍ കുഴിയില്‍ ഇട്ടിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് മെട്രോ ജോലിക്കിടെ ഉപയോഗിക്കുന്ന വലിയ ബോര്‍ഡ് കുഴിക്ക് മുന്നില്‍ വച്ചത്. ഇതുമൂലം ഇടുങ്ങിയ ഈ ഭാഗത്ത് ഗതാഗതക്കുരുക്കും ഉണ്ടാകാറുണ്ട്.

എന്നിട്ടും കുഴി മൂടുന്ന കാര്യത്തില്‍ പൊതുമരാമത്ത് വകുപ്പ് അലംഭാവം കാണിക്കുകയായിരുന്നു. യദുലാലിന്റെ മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റു്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. പാലാരിവട്ടം പോലീസ് കേസെടുത്തു. നിഷ ലാലനാണ് മാതാവ്. നന്ദുലാല്‍ ഏക സഹോദരന്‍.