ഹൈദരാബാദ് വെടിവയ്പ്പ് കേസ് അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ച് സുപ്രീംകോടതി

ഡല്‍ഹി: ഹൈദരാബാദില്‍ മൃഗഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികളെ പോലീസ് വെടിവച്ചു കൊന്ന സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതി. റിട്ട. സുപ്രീംകോടതി ജഡ്ജി വി.എസ് സിര്‍പുരക് അധ്യക്ഷനായ സമിതിയാണ് കേസ് അന്വേഷിക്കുക.
ബോംബെ ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് രേഖ, സി.ബി.ഐ മുന്‍ ഡയറക്ടര്‍ കാര്‍ത്തികേയന്‍ എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍.

ആറു മാസത്തിനുള്ളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കണം. ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ കേസില്‍ മറ്റൊരു കോടതിയോ അധികാരികളോ ഇടപെടരുതെന്നും സുപ്രീംകോടതി നിര്‍ദേശമുണ്ട്. തെലങ്കാന സര്‍ക്കാര്‍ രൂപീകരിച്ച എട്ടംഗ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം ഇതോടെ നിര്‍ത്തേണ്ടിവരും. ഡിസംബര്‍ ആറിനാണ് യുവ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ നാലു പ്രതികളെയും പോലീസ് വെടിവച്ചു കൊന്നത്. മുഹമ്മദ് ആരിഫ് (26), ജൊല്ലു ശിവ (20), ജൊല്ലു നവീന്‍ (20), ചിന്തകുണ്ട ചെന്നകേശവുലു (20) എന്നിവരാണ് കൊല്ലപ്പെട്ടത്.