പൗരത്വബില്‍; അസം കത്തുന്നു, മുഖ്യമന്ത്രിയുടെ വീടിനു നേരെ കല്ലേറ്

ഗുവാഹത്തി: പൗരത്വബില്ലിനെതിരായ പ്രക്ഷോഭം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആളിക്കത്തുന്നു. അസമിലെ ഗുവാഹത്തിയിലും ദിബ്രുഗഡിലും അനിശ്ചിതകാലത്തേക്ക് കര്‍ഫ്യു പ്രഖ്യാപിച്ചു. മൂന്നിടങ്ങളില്‍ സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ്. 10 ജില്ലകളില്‍ മൊബൈല്‍.
ഇന്റര്‍നെറ്റ് സേവനം നിര്‍ത്തലാക്കി. ദിബ്രുഗഡിലും കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച വൈകീട്ട് വരെയായിരുന്നു നേരത്തെ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പൗരത്വഭേദഗതി ബില്‍ രാജ്യസഭയിലും പാസായതിന് പിന്നാലെ സംഘര്‍ഷം വ്യാപിച്ചു. തുടര്‍ന്നാണ് കര്‍ഫ്യൂ അനിശ്ചിതകാലത്തേക്ക് നീട്ടിയത്.

ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ ഇപ്പോഴും തെരുവിലാണ്. പോലീസുമായി പ്രതിഷേധക്കാര്‍ ഏറ്റുമുട്ടി. മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവളിന്റെ വീടിന് നേരെ കല്ലേറുണ്ടായി. ഒരു കേന്ദ്ര മന്ത്രിയുടേയും രണ്ട് ബിജെപി നേതാക്കളുടേയും വീടുകള്‍ അഗ്നിക്കരയാക്കിയതായും റിപ്പോര്‍ട്ടുണ്ട്. ഗുവാഹത്തിയില്‍ പോലീസിന്റെയും സര്‍ക്കാര്‍ വകുപ്പുകളുടെയും വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി. ദിബ്രുഗഡ് ജില്ലയില്‍ ചബുവയിലും പാനിടോളയിലും റയില്‍വേ സ്റ്റേഷനുകള്‍ക്ക് തീയിട്ടു.

ദിസ്പൂരില്‍ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് വെടിവച്ചു. ഞായറാഴ്ച ഇന്ത്യ-ജപ്പാന്‍ പ്രധാനമന്ത്രിമാര്‍ പങ്കെടുക്കുന്ന ഉച്ചകോടിയുടെ വേദി തകര്‍ത്തു. റോഡുകളില്‍ പലയിടത്തും ഗതാഗത തടസം സൃഷ്ടിച്ചിട്ടുണ്ട്. അസമിലെ 10 ജില്ലകളിലും ത്രിപുരയിലെ ഏതാനും സ്ഥലങ്ങളിലും മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തിവച്ചിരിക്കുകയാണ്. വടക്കുകിഴക്കന്‍ മേഖലയിലേക്കുളള ഒട്ടേറെ ട്രയിനുകള്‍ റദ്ദാക്കി.  ത്രിപുരയിലെ അഗര്‍ത്തലയിലടക്കം സമാന സ്ഥിതിയാണ്.

ആദിവാസിസംഘടനകള്‍ അനിശ്ചിത കാല സമരത്തിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ മുസ്ലിം ഇതര മതവിഭാഗങ്ങളിലെ അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്ന ബില്‍, തങ്ങളുടെ സാംസ്‌കാരികവും ഭാഷാപരവുമായ സവിശേഷതകളെ ബാധിക്കുമെന്ന ആശങ്കയിലാണ് അസമില്‍ പ്രതിഷേധം. പുറത്തുനിന്നെത്തുന്നവര്‍ക്ക് സ്ഥിരതാമസ അനുമതിയും പൗരത്വവും നല്‍കുന്നതോടെ ഗോത്രവര്‍ഗക്കാരുടെ ജീവിതമാര്‍ഗവും നഷ്ടപ്പെടുമെന്ന ഭയവും ഇവിടുത്തുകാര്‍ക്കുണ്ട്.