നടന്‍ സോമന്റെ ഓര്‍മകള്‍ക്ക് 22 വര്‍ഷം

നടന്‍ സോമന്‍ ഓര്‍മയായിട്ട് 22 വര്‍ഷം. രണ്ട് പതിറ്റാണ്ടിലേറെ സ്വഭാവ നടനായും വില്ലനായും മലയാള ചലച്ചിത്രലോകത്ത് നിറഞ്ഞാടിയ നടനായിരുന്നു സോമന്‍. പൗരുഷമുള്ള കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നതില്‍ താരം പ്രത്യേക മിടുക്ക് കാട്ടി. സുകുമാരന്‍, ജയന്‍ എന്നീ നടന്മാരുടെ യുവ കാലഘട്ടത്തില്‍ തന്നെയാണ് സോമനും തിളങ്ങി നിന്നത്. ആദ്യമായി വിദേശ ചിത്രീകരണം നടന്ന മലയാള സിനിമയിലെ നായകന്‍ സോമനാണ്. 1941 ഒക്ടോബര്‍ 28ന് തിരുവല്ലയിലെ മണ്ണടിപ്പറമ്പില്‍ ഗോവിന്ദ പണിക്കരുടെയും ഭവാനി അമ്മയുടെയും മകനായാണ് ജനനം. യഥാര്‍ത്ഥ നാമം എംജി സോമശേഖരന്‍ നായര്‍.

പ്രീഡിഗ്രിക്ക് ശേഷം വ്യോമസേനയില്‍ ഒമ്പത് വര്‍ഷത്തോളം ജോലി ചെയ്തു. ജോലിക്ക് ചേരുന്നതിന് മുമ്പ് തന്നെ ‘മണ്‍തരികള്‍ ഗര്‍ജിക്കുന്നു’ എന്ന പേരിലൊരു നാടകം എഴുതി അവതരിപ്പിച്ചു. സേനയിലുള്ളപ്പോഴും ഒരുപാട് നാടകങ്ങളുടെ ഭാഗമായി സോമന്‍. 1973ല്‍ പി.എന്‍ മേനോന്റെ ‘ഗായത്രി’യില്‍ രാജാമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് സോമന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. കെ.എസ് സേതുമാധവന്റെ ‘ചട്ടക്കാരി’ നടനെന്ന നിലയില്‍ നടനെ മുന്‍നിരയിലെത്തിച്ചു.

      മാന്യശ്രീ വിശ്വാമിത്രന്‍, ചുവന്ന സന്ധ്യകള്‍, സ്വപ്നാടനം, രാസലീല, സര്‍വ്വേക്കല്ല്, അനുഭവം, പൊന്നി, പല്ലവി, തണല്‍ തുടങ്ങിയവയാണ് ശ്രദ്ധേയമായ മറ്റ് സിനിമകള്‍.  പിന്നീട് പ്രമുഖ സംവിധായകരുടെ സിനിമകളിലെല്ലാം സോമന്‍ അവിഭാജ്യ ഘടകമായി മാറി. അഭിനയ ജീവിതത്തില്‍ തിരക്കേറിയ കാലത്ത് ഒരു വര്‍ഷം 42 ചിത്രങ്ങളില്‍ വരെ അഭിനയിച്ചിരുന്നു. 1975ല്‍ സംസ്ഥാനത്തെ മികച്ച സഹനടനായും അടുത്ത വര്‍ഷം മികച്ച നടനായും തെരഞ്ഞെടുക്കപ്പെട്ടു.

പ്രിയദര്‍ശന്റെ ‘ചിത്രത്തില്‍’ താരതമ്യേന ചെറിയൊരു വേഷമായിരുന്നു സോമന്‍ ചെയ്തതെങ്കിലും ഏറെ ശ്രദ്ധിക്കപ്പെട്ടു. 1997ലിറങ്ങിയ ജോഷിയുടെ ലേലമായിരുന്നു അഭിനയിച്ച അവസാന ചിത്രം. ചിത്രത്തിലെ ‘ആനക്കാട്ടില്‍ ഈപ്പച്ചന്‍’ എന്ന കഥാപാത്രത്തെ മികച്ച ഡയലോഗുകളിലൂടെ അവിസ്മരണീയമാക്കി താരം. ആ വര്‍ഷം ഡിസംബര്‍ 12ന് സോമന്‍ അന്തരിച്ചു.