പൗരത്വ ഭേദഗതി ബില്‍; മുസ്ലിം ലീഗ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി

ഡല്‍ഹി: പൗരത്വബില്‍ ചോദ്യം ചെയ്ത് മുസ്ലിം ലീഗ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ലീഗ് എംപിമാര്‍ നേരിട്ടെത്തിയാണ് ഹര്‍ജി നല്‍കിയത്. മുസ്ലിം ലീഗിന് വേണ്ടി കബില്‍ സിബല്‍ കോടതിയില്‍ ഹാജരാകും. രാജ്യം മുഴുവന്‍ പൗരത്വഭേദഗതി ബില്‍ പാസാക്കിയതിനെതിരെ വലിയ പ്രതിഷേധം ഉയരുന്നതായും  അതിന്റെ പ്രാധാന്യം കണക്കിലെടുത്താണ് ഹര്‍ജി നല്‍കാന്‍ എംപിമാര്‍ നേരിട്ടെത്തിയതെന്നും പികെ കുഞ്ഞാലിക്കുട്ടി എംപി മാധ്യമങ്ങളോട് വ്യക്തമാക്കി.
‘ഭരണഘടന അനുസരിച്ച് തുല്യതയ്ക്ക് എല്ലാവര്‍ക്കും അവകാശമുണ്ട്. വര്‍ഗീയത വളര്‍ത്തി രാഷ്ട്രീയ  മുതലെടുപ്പിനുള്ള ശ്രമമാണ് നടക്കുന്നത്’. അത് തടയും, ഹര്‍ജിയില്‍ അനുകൂല വിധി പ്രതീക്ഷിക്കുന്നുവെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്നലെയാണ് ദേശീയ പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍ പാസായത്. രാജ്യ സഭയില്‍ 125 പേരാണ് ബില്ലിനെ അനുകൂലിച്ചു വോട്ട് ചെയ്തത്. എതിര്‍ത്ത് വോട്ടു ചെയ്തത് 105 പേരും. രാജ്യസഭയില്‍ കേവല ഭൂരിപക്ഷമായ 121 നെക്കാളും കൂടുതല്‍ വോട്ട് നേടിയാണ് ബില്‍ പാസായത്. വോട്ടെടുപ്പ് ശിവസേന ബഹിഷ്‌കരിച്ചു. ബില്ലിന്‍മേലുള്ള ചര്‍ച്ചക്കിടെ ശിവസേന എം.പിമാര്‍ രാജ്യസഭയില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. ബില്‍ പാസായ ദിവസം ഇന്ത്യയുടെ ചിരിത്രത്തിലെ കറുത്ത ദിനമാണെന്നാണ് കോണ്‍ഗ്രസ് പ്രതികരിച്ചിരിക്കുന്നത്.

നേരത്തെ ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം രാജ്യ സഭ വോട്ടിനിട്ട് തള്ളിയിരുന്നു. 124 പേര്‍ ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടേണ്ടെന്നറിയിച്ചു കൊണ്ട് വോട്ട് ചെയ്തപ്പോള്‍ 99 പേര്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് വോട്ട് ചെയ്തു. ഒരാള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു.