കോടതി സഹായത്തോടെ കാമുകിയെ സ്വന്തമാക്കി നായകനായി, സദാചാര പോലീസ് ചമഞ്ഞ് പണം തട്ടിയ കേസില്‍ വില്ലനായി അടുത്ത ദിവസം അറസ്റ്റില്‍

തൃശൂര്‍: കാമുകിയെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി മോചിപ്പിച്ച് വിവാഹം ചെയ്ത നായകന്‍ അടുത്ത ദിവസം തന്നെ വില്ലനായി പോലീസ് വലയില്‍. സദാചാര പോലീസ് ചമഞ്ഞ് പണം തട്ടിയ കേസിലാണ് വേലൂപ്പാടം എടക്കണ്ടന്‍ വീട്ടില്‍ ഗഫൂര്‍ (31) അറസ്റ്റിലായത്. വയനാട് സ്വദേശിയായ യുവാവിനെ സദാചാര പോലീസ് ചമഞ്ഞ് ആക്രമിച്ച് നഗ്നനാക്കി വീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തി പണവും സ്വര്‍ണമോതിരവും കവര്‍ന്ന കേസിലായിരുന്നു അറസ്റ്റ്.

സംഘത്തിലുള്ള കൂട്ടുപ്രതികളായ ഹഫീസ്(30), എടക്കണ്ടന്‍ വീട്ടില്‍ മുഹമ്മദ് റഫീഖ് (29), കാരികുളം കടവ് നൊച്ചിയില്‍ ശ്രുതീഷ്‌കുമാര്‍ (25) എന്നിവരും അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞ ഏപ്രില്‍ ഏഴിന് രാത്രിയായിരുന്നു വേലൂപ്പാടത്തെ കാമുകിയുടെ വീട്ടിലെത്തിയ യുവാവിനെ ഇവര്‍ പിടികൂടി കയ്യിലെ അരപ്പവന്‍ മോതിരം കൈക്കലാക്കിയത്.

തുടര്‍ന്ന്  കണ്ണുകെട്ടിയശേഷം എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് 4900 രൂപയും പിന്‍വലിച്ചു. അതിനുശേഷം ബന്ധുവിനെക്കൊണ്ട് 15000 രൂപ അക്കൗണ്ടില്‍ ഇടുവിച്ച ശേഷമാണ് വിട്ടയച്ചതെന്നും പരാതിയില്‍ പറയുന്നു. പിതാവും ബന്ധുക്കളും മാനസികാരോഗ്യകേന്ദ്രത്തില്‍ പാര്‍പ്പിച്ച കാമുകിയെ കോടതി ഉത്തരവിന്റെ സഹായത്തോടെ മോചിപ്പിച്ച ശേഷം തിങ്കളാഴ്ചയാണ് ഗഫൂര്‍ വിവാഹം ചെയ്തത്. ഗഫൂറിന്റെ നേതൃത്വത്തിലാണ് സദാചാര പോലീസ് ചമയലും പണം തട്ടലും നടത്തിയതെന്നാണ് പോലീസ് പറയുന്നത്.